ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക - പാകിസ്താന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പാക് താരം ഫഖര്‍ സമാന്റെ റണ്ണൗട്ടിനെ ചൊല്ലി വിവാദം.
ദക്ഷിണാഫ്രിക്കന്‍ നായകന് ക്വിന്റണ്‍ ഡിക്കോക്കിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് ഫഖര്‍ സമാന്റെ റണ്ണൗട്ടിന് കാരണമായതെന്നാണ് വിമര്‍ശനം. റണ്ണൗട്ടിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഡിക്കോക്കിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സംഭവം ഇങ്ങനെ, രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു പാകിസ്താന്. ഒരു ഘട്ടത്തില്‍ 34 ഓവറില്‍ ആറിന് 186 എന്ന നിലയിലായിരുന്ന പാകിസ്താനെ ഫഖര്‍ സമാന്റെ ഒറ്റയാള്‍ പോരാട്ടം 18 പന്തില്‍ നിന്ന് ജയിക്കാന്‍ 51 വേണമെന്ന ഘട്ടംവരെയെത്തിച്ചു.
അവസാന ഓവറിലെ ആദ്യ പന്തിലാണ് ഫഖര്‍ സമാന് റണ്ണൗട്ടാകുന്നത്. കവര്‍ ബൗണ്ടറിയിലേക്ക് പന്തടിച്ച് രണ്ടാം റണ്ണിനായി ശ്രമിക്കുകയായിരുന്നു താരം. ഫഖര്‍ ബാറ്റിങ് ക്രീസിലേക്ക് എത്തുന്നതിന് മുമ്പ് ഡിക്കോക്ക് വിക്കറ്റിന് പിറകില്‍ നിന്നും നോണ്‍ സ്ട്രൈക്കറുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു. ഇതോടെ പന്ത് നോണ്‍ സ്ട്രൈക്കറുടെ ഭാഗത്തേക്കാണെന്ന് കരുതി ഫഖര്‍ സമാന് തിരിഞ്ഞു നോക്കി. എന്നാല്‍ ബൗണ്ടറിക്കരികില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രം എറിഞ്ഞ പന്ത് ബാറ്റിങ് ക്രീസിലേക്ക് തന്നെയായിരുന്നു. ഫഖറിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡിക്കോക്ക് കാണിച്ച തന്ത്രമായിരുന്നു അത്. ഇക്കാര്യം തിരിച്ചറിഞ്ഞ് ഫഖര്‍ ക്രീസില്‍ എത്തുമ്പോഴേക്കും മാര്‍ക്രമിന്റെ ത്രോ വിക്കറ്റ് തെറിപ്പിച്ചിരുന്നു.
😂😂 N the love story between Pakistan and runouts continue..
— Madhu (@srtfanforever) April 4, 2021
But this time the script writer is dekock.. 😋❤️ That's so cheeky.. 😉 @QuinnyDeKock69
#SAvPAK #SAvsPAK #QuintonDeKock pic.twitter.com/H2zroi8PZQ
155 പന്തുകള്‍ നേരിട്ട് 10 സിക്സും 18 ബൗണ്ടറിയുമടക്കം 193 റണ്‍സെടുത്ത ഫഖര്‍ സമാന് തന്റെ രണ്ടാം ഏകദിന ഇരട്ട സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെയാണ് പുറത്തായത്. ഇതോടെയാണ് ഡിക്കോക്കിന്റെ പ്രവൃത്തി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ഫഖറിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡികോക്ക് മനഃപൂര്‍വ്വം ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
മത്സരം പാകിസ്താന് 17 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 341 റണ്‍സെടുത്തു. പാകിസ്താന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
Content Highlights: spirit of cricket question on Fakhar Zaman run out on fake fielding by Quinton de Kock