ഇസ്ലാമാബാദ്: കളിച്ചിരുന്ന കാലത്ത് വേഗം കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച താരമാണ് പാകിസ്താന്‍ പേസര്‍ ഷുഐബ് അക്തര്‍. പലപ്പോഴും അക്തറിന്റെ പന്തുകള്‍ മൈതാനത്ത് ചോര പൊടിയുന്നതിനും കാരണമായിട്ടുണ്ട്. 

പലപ്പോഴും എതിര്‍ ടീമിലെ താരങ്ങള്‍ തന്നോട് വേഗത കുറച്ച് പന്തെറിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്തര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് അക്തര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

''പലരും എന്നോട് ദേഹത്ത് പന്ത് കൊള്ളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. മുത്തയ്യ മുരളീധരനാണ് അതില്‍ ഒരാള്‍. ഇന്ത്യന്‍ ടീമിലെ വാലറ്റക്കാര്‍ പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ദേഹത്ത് പന്ത് കൊള്ളിക്കരുത്, ഞങ്ങള്‍ക്ക് കുടുംബമുള്ളതാണ് എന്ന്. പതിയെ പന്തെറിഞ്ഞാല്‍ മതി ഞാന്‍ ഔട്ടാകും എന്നായിരുന്നു മുരളീധരന്‍ പറയാറുള്ളത്.'' - അക്തര്‍ പറഞ്ഞു.

ഒരിക്കല്‍ മുരളീധരന്റെ പന്തുകള്‍ നേരിടാനുള്ള ബുദ്ധിമുട്ടു കാരണം അദ്ദേഹത്തിന്റെ വിരല്‍ എറിഞ്ഞൊടിക്കാന്‍ മുഹമ്മദ് യൂസഫ് തന്നോട് ആവശ്യപ്പെട്ട സംഭവവും അക്തര്‍ വെളിപ്പെടുത്തി.

''യൂസഫ് ഒരിക്കല്‍ എന്നോട് മുരളിയുടെ നേര്‍ക്ക് പന്തെറിയാന്‍ ആവശ്യപ്പെട്ടു. അയാളുടെ വിരല്‍ ഒടിക്കണം, തനിക്ക് അയാളുടെ സ്പിന്‍ കളിക്കാന്‍ സാധിക്കുന്നില്ല എന്നാണ് യൂസഫ് പറഞ്ഞത്. അന്ന് ഞാന്‍ മുരളിക്ക് നേരെ ഏതാനും ബൗണ്‍സറുകള്‍ എറിഞ്ഞു. എന്നോടിത് ചെയ്യരുത്, ആ പന്ത് തട്ടിയാല്‍ ഞാന്‍ ചത്തുപോകുമെന്നായിരുന്നു അന്ന് മുരളിയുടെ മറുപടി.'' - അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: I will die if the ball hit says Muralitharan while Akhtar bowling bouncers to him