മുംബൈ: അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡിനെ സമീപിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ബി.സി.സി.ഐ ഭരണസമിതി ചെയര്‍മാനായിരുന്ന (സി.ഒ.എ) വിനോദ് റായ്.

2017-ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.ഒ.എ ആലോചിച്ചിരുന്നു. ഇതിനായി ദ്രാവിഡിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്ന് വിനോദ് റായ് പറഞ്ഞു. എന്നാല്‍ കുടുംബത്തിന് മുന്‍ഗണന കൊടുത്ത ദ്രാവിഡ് ഈ നിര്‍ദേശം തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനോദ് റായ്. 

''ഞങ്ങളോട് തുറന്നമനസോടെ പെരുമാറിയിരുന്നയാളാണ് രാഹുല്‍. നോക്കൂ, എന്റെ വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ലോകമെമ്പാടും സഞ്ചരിക്കുകയായിരുന്നതിനാല്‍ അവര്‍ക്കായി സമയവും കരുതലും നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇനി വീട്ടില്‍ തന്നെ ചെലവഴിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.'' - പരിശീലകനാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണെന്ന് റായ് വ്യക്തമാക്കി.

ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനായിരുന്ന ദ്രാവിഡ് ആ ചുമതലയില്‍ തുടരാന്‍ ഏറെ താത്പര്യം കാണിച്ചിരുന്നുവെന്നും റായ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിതനായി. ഇക്കാര്യത്തിലെ തങ്ങളുടെ അപേക്ഷ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും റായ് വ്യക്തമാക്കി.

Content Highlights: CoA chairman Vinod Rai reavels Rahul Dravid turned down opportunity for indian coach