ജനുവരി ഏഴിന് തുടങ്ങുന്ന ഐ-ലീഗിനായി ബെംഗളൂരുവില്‍ പരിശീലനത്തിലാണ് വിനീത് സി.കെ. ഇത്തവണയും ബെംഗളൂരു എഫ്.സിക്കൊപ്പം ഐ-ലീഗില്‍ കളിക്കാനൊരുങ്ങുന്ന വിനീത് പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ കാത്തിരിക്കുന്നത്. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായും എ.എഫ്.സി കപ്പില്‍ ബെംഗളൂരു എഫ്.സിക്കായും പുറത്തെടുത്ത മികവ് 2017ലും ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമുണ്ടെന്ന് വിനീത് പറയുന്നു.
ഡല്‍ഹി ഡൈനാമോസിന്റെ പ്രതിരോധ മതില്‍ അനസ് എടത്തൊടിക ഇത്തവണ കൊല്‍ക്കത്തയില്‍ കളിക്കുന്നതിന്റെ സന്തോഷത്തിലാണ്. മോഹന്‍ ബഗാനൊപ്പം ഐ-ലീഗില്‍ കളിക്കുന്നതാണ് അനസിന് പുതുവര്‍ഷത്തിലെ ഏറ്റവും വലിയ സന്തോഷം. ഒപ്പം വീട്ടിലേക്ക് പുതിയ ഒരംഗം എത്തിയതിന്റെ സന്തോഷവുമുണ്ട്. രണ്ടര മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ഷെഹ്ഷാദ്.
സ്‌പെയ്‌നില്‍ പോയി വിയ്യാറയല്‍ സി ടീമിനൊപ്പം കളിക്കാനവസരം കിട്ടിയ കേരളത്തിന്റ യുവ ഫുട്‌ബോള്‍ താരം ആഷിഖ് കുരുണിയന്‍ കഴിഞ്ഞ വര്‍ഷം സ്വപ്‌നം കണ്ടതിനപ്പുറമുള്ള നേട്ടങ്ങളിലാണെത്തിയത്. ഐ.എസ്.എല്ലില്‍ എഫ്.സി പുണെ സിറ്റി ടീമില്‍ ഇടം ലഭിച്ചതും ആഷിഖിന്റെ കഴിഞ്ഞ വര്‍ഷത്തെ സന്തോഷമാണ്. ജനുവരി എട്ടിന് ലാ ലിഗയില്‍ ബാഴ്‌സലോണ വിയ്യാറയലിനെ നേരിടുമ്പോള്‍ മെസ്സിയുടെ കളി ഗാലറയിലിരുന്ന കാണാന്‍ കഴിയുമെന്ന സ്വപ്‌നത്തോടെയാണ് ആഷിഖ് 2017നെ വരവേല്‍ക്കുന്നത്.