മെല്‍ബണ്‍: ഏറ്റവും ഫിറ്റ്നെസുള്ള കളിക്കാരനാണെന്ന് പലതവണ തെളിയിച്ച താരമാണ് വിരാട് കോലി. സ്ഥിരതയാര്‍ന്ന പ്രകടനത്തില്‍ ഫിറ്റ്നെസിനുള്ള പ്രാധാന്യവും കോലി പലപ്പോഴും പറയാറുള്ളതാണ്. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റിലും യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടതും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെയാണ്. ഫിറ്റ്നെസ് പരീക്ഷിക്കാനുള്ള ഈ ടെസ്റ്റ് വിജയിച്ചാല്‍ മാത്രമേ ടീമില്‍ ഇടം ലഭിക്കൂ.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിലും കോലിയുടെ ശാരീരികക്ഷമത ആരാധകര്‍ കണ്ടു. കോലിയും ചേതേശ്വര്‍ പൂജാരയും ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടുനയിക്കുന്നതിനിടയിലായിരുന്നു ഇത്. കോലിയുടെ ഫിറ്റ്നെസിന് ഒപ്പമെത്താനാകാതെ ഒരു ഘട്ടത്തില്‍ പൂജാര തളര്‍ന്നുപോയി. മത്സരത്തിന്റെ 120-ാം ഓവറിലായിരുന്നു ഇത്. ഈ ഓവറില്‍ കോലി ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് ഒരു ഷോട്ട് അടിച്ചു. എന്നാല്‍ ആ ഷോട്ടിന് വേഗതയും ശക്തിയുമുണ്ടായിരുന്നില്ല. പക്ഷേ ആ ഭാഗത്ത് ഫീല്‍ഡറും ഉണ്ടായിരുന്നില്ല. ഇതോടെ നാല് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിലായി കോലി.
എന്നാല്‍ പൂജാരയ്ക്ക് കോലിയുടെ അതേ വേഗതയില്‍ ഓടാനായില്ല. പരമാവധി മൂന്ന് റണ്‍സ് എന്നായിരുന്നു പൂജാര മനസിലുറപ്പിച്ചത്. കോലി മൂന്ന് റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ പൂജാര മൂന്നാം റണ്ണിന് ഓടിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഈ സമയത്തും ഫീല്‍ഡര്‍ പന്തിന് അടുത്ത് എത്തിയിരുന്നില്ല. കോലി നാലാം റണ്ണിന് ശ്രമിച്ചെങ്കിലും അത്രയും ഓടാന്‍ വയ്യെന്ന് പൂജാര ആംഗ്യത്തിലൂടെ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫീല്‍ഡര്‍ പന്തെടുത്ത് ബൗളിങ് എന്‍ഡിലേക്ക് എറിയുകയും ചെയ്തു.
പൂജാര മൂന്നാമതും കോലി നാലാമനുമായാണ് ക്രീസിലെത്തിയത്. കോലിയേക്കാള്‍ കൂടുതല്‍ സമയം ക്രീസില്‍ ചിലവഴിച്ചു എന്നതും പൂജാരയുടെ ക്ഷീണത്തിന് കാരണമായി. ആദ്യ ഇന്നിങ്സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോള്‍ പൂജാര 319 പന്തില്‍ 106 റണ്‍സും വിരാട് കോലി 204 പന്തില്‍ 82 റണ്‍സുമടിച്ചു.
That slow mate that can't keep up with you between wickets 🐢🐢🐢
— Telegraph Sport (@telegraph_sport) December 27, 2018
LIVE #AUSvIND: https://t.co/zixhmu24lv pic.twitter.com/eQdCPGHPny
Content Highlights: Cheteshwar Pujara refuses for a 4th run as Virat Kohli makes him sprint