ന്യൂഡല്‍ഹി: ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് പ്രകടനം നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഒരു നല്ല ബൗളര്‍ കൂടിയാണ് പൂജാര. ഉത്തര്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്ക് വേണ്ടിയായിരുന്നു പൂജാരയുടെ പ്രകടനം. പൂജാര എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു വിക്കറ്റ്. 

ലെഗ് സ്പിന്‍ ബൗളറായ പൂജാര മോഹിത് ജംഗ്രയെ ആണ് പുറത്താക്കിയത്. വിക്കറ്റ് എടുക്കുക മാത്രമല്ല, അത് ആഘോഷിക്കുകയും ചെയ്തും പൂജാര. പൊതുവേ സൗമ്യനായ പൂജാര അങ്ങനെ ആഘോഷങ്ങള്‍ക്കൊന്നും മുതിരാറില്ല. ഇതാണ് എല്ലാവരേയും അദ്ഭുതപ്പെടുത്തിയത്. ജംഗ്ര അടിച്ച ഷോട്ട് ഫസ്റ്റ് സ്ലിപ്പിലുള്ള ഫീല്‍ഡറുടെ കൈയിലെത്തിയതോടെ പൂജാര ആഘോഷം തുടങ്ങി. വായുവില്‍ മുഷ്ഠി ചുരുട്ടി, സഹതാരങ്ങളുടെ അടുത്തേക്ക് ഓടിയിട്ടായിരുന്നു ആഘോഷം. 

ഇതിന്റെ ചിത്രം പൂജാര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഞാന്‍ എന്റെ ബാറ്റ്‌സ്മാന്‍ എന്ന സ്റ്റാറ്റസ് ഓള്‍റൗണ്ടര്‍ എന്ന സ്റ്റാറ്റസിലേക്ക് മാറ്റിയ ദിവസം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇതിന് താഴെ ശിഖര്‍ ധവാനും ആര്‍.അശ്വിനും പ്രതികരണവുമായെത്തി. 'അവിശ്വസനീയം! ഇനിയും കൂടുതല്‍ ബൗള്‍ ചെയ്യണം.'ഇതായിരുന്നു അശ്വിന്റെ കമന്റ്. 

pujara

Content Highlights: Cheteshwar Pujara picks a wicket in Ranji Trophy