ചെന്നൈ: നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പുറത്താകുന്നത് ഏതൊരു ബാറ്റ്‌സ്മാനും വെറുക്കുന്ന കാര്യം തന്നെയാണ്. അങ്ങനെയെങ്കില്‍ ഈ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായ രീതിയിലാണെങ്കിലോ? 

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര പുറത്തായത് ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ രീതിയിലായിരുന്നു. 

മൂന്നാം ദിനം പൂജാരയും ഋഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് പൂജാര പുറത്താകുന്നത്. ഡൊമിനിക് ബെസ്സിന്റെ പന്തില്‍ ഷോര്‍ട്ടിന് ശ്രമിച്ചതായിരുന്നു താരം. പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടേ പൂജാര അടിച്ച പന്ത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പിന്റെ തോളിലിടിച്ച് നേരെ റോറി ബേണ്‍സിന്റെ കൈയിലെത്തുകയായിരുന്നു.

പൊതുവെ ശാന്തശീലനായ പൂജാരയ്ക്ക് ഇതോടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ബാറ്റ് പാഡില്‍ ഇടിച്ച് അരിശം തീര്‍ത്താണ് പൂജാര ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. പിന്നീട് ഈ പുറത്താകലിനെ കുറിച്ച് താരം പ്രതികരിച്ചത് ഇങ്ങനെ; ''ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത കാര്യമായിരുന്നു അത്. നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. കാരണം അങ്ങനെ മാത്രമേ ഞാന്‍ പുറത്താകുമായിരുന്നുള്ളൂ. ഞാന്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, എന്റെ ഷോട്ടുകളും നന്നായി കളിക്കുകയായിരുന്നു. പന്ത് കാണുന്നതടക്കമുള്ള കാര്യങ്ങളെല്ലാം പെര്‍ഫെക്ടായിരുന്നു. പക്ഷേ അതില്‍ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സാങ്കേതിക പിശകുകളൊന്നും അതില്‍ ഉണ്ടായിരുന്നില്ല.''

143 പന്തുകള്‍ നേരിട്ട പൂജാര 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്താണ് പുറത്തായത്.

Content Highlights: Cheteshwar Pujara about his unlucky dismissal on Day 3