ചെന്നൈ: ശനിയാഴ്ച്ച വൈകുന്നേരം 7.30ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിലായിരുന്നു എം.എസ് ധോനി. ഒപ്പം സുരേഷ് റെയ്നയുമുണ്ടായിരുന്നു. ധോനിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ റെയ്നയും ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അറിയിച്ചു. ധോനിക്കൊപ്പം ഞാനും ചേരുന്നു എന്ന കുറിപ്പോടെയായിരുന്നു റെയ്നയുടെ പോസ്റ്റ്.

ഈ തീരുമാനത്തിന് ശേഷം ധോനിയുടേയും റെയ്നയുടേയും അവസ്ഥ എങ്ങനെയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഡ്രസ്സിങ് റൂമിൽ നിന്നുള്ള വീഡിയോ അതിന് ഉത്തരം നൽകും. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും ടീമംഗങ്ങൾ ഇരുവരേയും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

ഓഗസ്റ്റ് പതിനഞ്ചിനാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പ് ചിദംബരം സ്റ്റേഡിയത്തിൽ തുടങ്ങിയത്. ഓഗസ്റ്റ് 20ന് അവസാനിക്കുന്ന ക്യാമ്പിന് ശേഷം ടീം ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പോകും. സെപ്റ്റംബർ 19 മുതലാണ് ഐ.പി.എൽ തുടങ്ങുന്നത്.

 

Content Highlights: Chennai Super Kings, Unseen Footage Of Teams Reaction After MS Dhoni And Suresh Rainas Retirement