120 വര്‍ഷം മുമ്പ്, 1900 പാരീസ് ഒളിമ്പിക്‌സിലാണ് ചരിത്രത്തിലെ ആദ്യ വനിതാ ഒളിമ്പിക് വ്യക്തിഗത ചാമ്പ്യന്‍ പിറക്കുന്നത്. ജൂലായ് 11-ന് നടന്ന ടെന്നീസ് ഫൈനലിലാണ് ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് കൂപ്പര്‍ സ്വര്‍ണം നേടിയത്. 

ഏതിനത്തിലെയും ആദ്യത്തെ ഒളിമ്പിക് വനിതാ ചാമ്പ്യനായി ഷാര്‍ലറ്റ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് ഷാര്‍ലറ്റ്. 1895-ലാണ് അവര്‍ ആദ്യമായി വിംബിള്‍ഡണ്‍ നേടുന്നത്. പിന്നീട് നാലുവട്ടം കൂടി ആ നേട്ടം ആവര്‍ത്തിച്ചു. 1908-ല്‍ അവസാന കിരീടം നേടുമ്പോള്‍ അവര്‍ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു, 37 വയസ്സും. പാരീസ് ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സിലും ഷാര്‍ലറ്റ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി. 1966-ല്‍ 96-ാം വയസ്സില്‍ അന്തരിച്ചു.

1900-ലാണ് ആദ്യമായി വനിതകള്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചത്. ഗെയിംസില്‍ പങ്കെടുക്കുന്ന ആദ്യ വനിതയും ആദ്യ വനിതാ ഒളിമ്പിക് ചാമ്പ്യനും സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹെലന്‍ ഡി പോര്‍ട്ടല്‍സ് ആണ്. എന്നാല്‍, സെയ്ലിങ്ങില്‍ ടീമിനത്തില്‍ ആയിരുന്നു പോര്‍ട്ടല്‍സിന്റെ സ്വര്‍ണം.

Content Highlights: Charlotte Cooper the first individual female Olympic champion