ലണ്ടന്‍: ദീര്‍ഘദൂര ഓട്ടത്തില്‍ ലോക, ഒളിമ്പിക് ചാമ്പ്യനായ മോ ഫറ തന്റെ ബ്രാന്‍ഡ് നെയിം മാറ്റുന്നു. മോ എന്ന പേരിലുള്ള തന്റെ കാലം അവസാനിച്ചുവെന്നും ഇനി മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും ബ്രീട്ടീഷ് താരം പറഞ്ഞു. മുഹമ്മദ് മുക്താര്‍ ജമ മോ ഫറ എന്നാണ് ബ്രിട്ടീഷ് താരത്തിന്റെ മുഴുവന്‍ പേര്.

ലണ്ടനിലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ മോ ഫറ ട്രാക്കിനോട് വിട പറഞ്ഞിരുന്നു. ലണ്ടനില്‍ പതിനായിരം മീറ്ററില്‍ പതിവുപോലെ സ്വര്‍ണം നേടിയപ്പോള്‍ 5000 മീറ്ററില്‍ മോ ഫറയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

'ഞാന്‍ പുതിയൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നത്. എന്റെ പേര് തുടങ്ങുന്നത് മുഹമ്മദ് എന്നാണ്. മോ എന്ന പേരിന്റെ കാലാവധി അവസാനിച്ചു. നേടിയ നേട്ടങ്ങളും ചെയ്ത കാര്യങ്ങളുമെല്ലാം എനിക്ക് മറക്കണം' സൊമാലിയന്‍ വംശജനയാ മോ ഫറ വ്യക്തമാക്കി.

തെറ്റായ അരോപണങ്ങളുന്നയിച്ച് മാധ്യമങ്ങള്‍ തന്റെ നേട്ടത്തെ ഇല്ലാതാക്കുകയാണെന്നും മോ ഫറ ചൂണ്ടിക്കാട്ടി. 'ചരിത്രം ഒരിക്കലും കള്ളം പറയില്ല. എന്റെ നേട്ടങ്ങളില്‍ ആളുകള്‍ക്ക് അഭിമാനിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ എഴുതാം. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണത്തിലൂടേയുമാണ് ഞാന്‍ എല്ലാം നേടിയെടുത്തത്. പരിശീലകന്‍ ആല്‍ബര്‍ട്ടൊ സലസര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്'-മോ ഫറ വ്യക്തമാക്കി.