പുതുമുഖങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കുന്ന ടീം മാനേജ്മെന്റും ക്യാപ്റ്റനും, കിട്ടുന്ന അവസരത്തില്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമില്‍ സാന്നിധ്യം ഉറപ്പിക്കുന്ന യുവതാരങ്ങളും. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കണ്ടുവരുന്ന ശുഭകരമായ പ്രവണതയാണിത്.

കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും അതിനുശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുമായി നാലുപേരാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ മത്സരം കളിച്ചത്. ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ തുടങ്ങി ട്വന്റി-20യിലും ടെസ്റ്റിലും അവസരം നേടിയ ടി. നടരാജന്‍, ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ആദ്യ മത്സരം കളിച്ച് നാലു വിക്കറ്റുമായി ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനം കുറിച്ച പ്രസിദ്ധ് കൃഷ്ണ എന്നിവര്‍. ഓരോരുത്തരും ഒന്നിനൊന്ന് മികച്ചുനിന്നു. 2018 മുതല്‍ ട്വന്റി 20 കളിക്കുന്ന ക്രുണാല്‍ പാണ്ഡ്യ ഏകദിനത്തിലെ അരങ്ങേറ്റവും ഗംഭീരമാക്കി.

മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പരിമിത ഓവറില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ ആദ്യ മത്സരം കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു. ഈ വര്‍ഷവും അടുത്തവര്‍ഷവും നടക്കുന്ന ട്വന്റി 20 ലോകകപ്പുകളും 2023 ഏകദിന ലോകകപ്പും മുന്നില്‍ക്കണ്ട് ഇന്ത്യന്‍ ടീം മാനേജ്മെന്റും ക്യാപ്റ്റന്‍ കോലിയും പുതുമുഖങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കുന്നു.

ടി. നടരാജന്‍

തമിഴ്നാട്ടുകാരനായ ഇടംകൈയന്‍ പേസ് ബൗളര്‍ ടി. നടരാജന്‍ 2020 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തില്‍ രണ്ടു വിക്കറ്റ്. തുടര്‍ന്ന് ട്വന്റി 20 പരമ്പരയിലെ മൂന്ന് കളികളില്‍ ആറു വിക്കറ്റുമായി മിന്നി. പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20യില്‍ കളിച്ചില്ല.

ഇഷാന്‍ കിഷന്‍

2016-ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷാന്‍ കിഷന്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യിലാണ് അതിന് അവസരം വന്നത്. ആദ്യ ഇന്നിങ്സില്‍ 32 പന്തില്‍ 56 റണ്‍സുമായി അരങ്ങേറ്റം ഉജ്ജ്വലമാക്കി.

സൂര്യകുമാര്‍ യാദവ്

പത്തുവര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എലിലും സജീവമായിരുന്ന സൂര്യകുമാര്‍ യാദവ്, 30-ാം വയസ്സിലാണ് കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20യില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ ബാറ്റുചെയ്യാന്‍ അവസരം കിട്ടിയില്ല. രണ്ടാം മത്സരത്തില്‍ 31 പന്തില്‍ 57 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.

പ്രസിദ്ധ് കൃഷ്ണ

കര്‍ണാടകയില്‍നിന്നുള്ള 25-കാരനായ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ, ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് പ്രസിദ്ധനായത്. തുടര്‍ച്ചയായി 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന പ്രസിദ്ധ്, ആദ്യ ഘട്ടത്തില്‍ കനത്ത അടി വാങ്ങിയെങ്കിലും പിന്നീട് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: Budding stars The young Indian debutants