ലണ്ടന്‍: ഇസ്ലാം മതത്തിന്റെ പ്രാർഥനാരീതികളെ പരിഹസിച്ചതിന് ഒളിമ്പിക്‌സ് ജിംനാസ്റ്റിസ്‌ക്‌സ് മെഡല്‍ ജേതാവ് ലൂയിസ് സ്മിത്തിന് രണ്ട് മാസം വിലക്ക്. ബ്രിട്ടീഷ് ജിംനാസ്റ്റിക്‌സാണ് സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇരുപത്തിയേഴുകാരനായ ലൂയിസ് സ്മിത്തും മുന്‍ ജിംനാസ്റ്റിക്സ് താരമായ ലൂക്ക് കാര്‍സണും ഇസ്ലാം മതവിശ്വാസികൾ നിസ്കരിക്കുന്നതുപോലെ അഭിനയിക്കുകയും പിന്നീട് ചിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് സ്മിത്തിനെതിരെ നടപടിയെടുത്തത്. 

വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സ്മിത്തിന് കഴിയുമെന്നും ബ്രിട്ടീഷ് ജിംനാസ്റ്റികിന്റെ ഈ തീരുമാനം കായികരംഗത്തെ ഒരു തരത്തിലും മോശമായി ബാധിക്കില്ലെന്നും ബ്രിട്ടീഷ് ജിംനാസ്റ്റിക് ചീഫ് എക്സിക്യുട്ടീവ് ജെയ്ന്‍ അല്ലെന്‍ പറഞ്ഞു.

അപമര്യായായാണ് താന്‍ പെരുമാറിയതെന്ന് സമ്മതിച്ച ലൂയിസ് സമിത്ത് തന്റെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നതായും പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ജിംനാസ്റ്റിക്‌സില്‍ വെള്ളി നേടിയ സ്മിത്ത് രണ്ട് ഒളിമ്പിക് വെങ്കലവും നേടിയിട്ടുണ്ട്.