റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ വിവാഹതിനാകുന്നു. എന്നാല്‍ അതില്‍ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരാളെയല്ല, ഒരേ സമയം രണ്ടു സ്ത്രീകളെയാണ് റൊണാള്‍ഡീന്യോ വിവാഹം കഴിക്കുന്നത്. പ്രതിശുത വധുക്കളായ പ്രിസില്ല കോയ്‌ലോയേയും ബേട്രിസ് സൂസയേയും ഓഗസ്റ്റില്‍ റൊണാള്‍ഡീന്യോയുടെ ഭാര്യമാരായി മാറും.

38-കാരനായ ബ്രസീല്‍ താരം ബേട്രിസുമായി 2016 മുതലാണ് പ്രണയത്തിലായത്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിസില്ലയുമായി റൊണാള്‍ഡീന്യോയ്ക്ക് പ്രണയമുണ്ടായിരുന്നു. തുടര്‍ന്ന് പ്രിസില്ല, ബേട്രിസിനെ അംഗീകരിച്ചതോടെ മൂന്നുപേരും 2016 ഡിസംബര്‍ മുതല്‍ റിയോ ഡി ജനീറോയില്‍ ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡീന്യോ ഇരുവരേയും പ്രൊപ്പോസ് ചെയ്തത്. ഇരുവര്‍ക്കും വിവാഹവാഗ്ദാനമായി ബ്രസീല്‍ താരം മോതിരം സമ്മാനിക്കുകയും ചെയ്തു. 

റിയോയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാകും റൊണാള്‍ഡീന്യോ ഇരുവരേയും വിവാഹം ചെയ്യുക. ബ്രസീല്‍ മാധ്യമമായ ഒ ഡിയയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഏകദേശം 1,37000 രൂപ ഇരുവര്‍ക്കും പോക്കറ്റ് മണിയായി റൊണാള്‍ഡീന്യോ സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: Brazilian Football Star Ronaldinho To Marry 2 Women At The Same Time