ടൂറിൻ: ബ്രസീൽ വനിതാ ഫുട്ബോളിൽ സ്വവർഗ വിവാഹം. ബ്രസീൽ ദേശീയ വനിതാ ടീം താരം ആൻഡ്രെസ്സ ആൽവ്സും മുൻതാരം ഫ്രാൻസിയേല മാനുവൽ ആൽബർട്ടോയും വിവാഹിതരായി. ഫ്രാൻസിയേലയെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ആൻഡ്രെസ്സയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ജൂലൈ 10-നായിരുന്നു ഇരുവരുടേയും വിവാഹം.

'ഒരു ജീവിതകാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്നേഹബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം'. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ആൻഡ്രെസ്സ കുറിച്ചു.

ബാഴ്സലോണ വനിതാ ടീമിൽ കളിച്ചിട്ടുള്ള ആൻഡ്രെസ്സ നിലവിൽ ഇറ്റാലിയൻ ടീം എഎസ് റോമയുടെ മുന്നേറ്റ താരമാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് ഫ്രാൻസിയേല. ഇരുവർക്കും ആശംസകൾ നേർന്ന് എ.എസ് റോമയുടെ വനിതാ ടീം ട്വീറ്റ് ചെയ്തു.

റിയോ ഒളിമ്പിക്സിൽ കളിച്ച ബ്രസീൽ ടീമംഗമായിരുന്ന ആൻഡ്രെസ്സ 2015, 2019 ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. ബാഴ്സലോണയുടെ ജഴ്സി അണിയുന്ന ആദ്യ ബ്രസീൽ വനിതാ താരം കൂടിയാണ് ഇരുപത്തിയേഴുകാരിയായ ആൻഡ്രെസ്സ. മൂന്നു വർഷം താരം ബാഴ്സയിൽ കളിച്ചു.

കരിയറിൽ ഏറിയ പങ്കും ബ്രസീലിയൻ ക്ലബ്ബുകൾക്കായി കളിച്ച ഫ്രാൻസിയേല മധ്യനിര താരമാണ്. 10 വർഷത്തോളം ബ്രസീലിലെ പ്രശസ്തമായ സാന്റോസ് ക്ലബ്ബിന്റെ ജഴ്‌സി അണിഞ്ഞു. കൊറിന്ത്യൻസിനായും കളിച്ചിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിലും 2011 വനിതാ ലോകകപ്പിലും ബ്രസീൽ ടീമംഗമായിരുന്നു. മുപ്പതുകാരിയായ താരം 2018-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Tem amores que duram mais que uma Vida. Sem dúvida o melhor dia das nossas Vidas @franzinha_10 Casadas 10/07/2020💍❤️

A post shared by Andressa Alves (@andressaalves9oficial) on