മമ്പാട്: ഗോള്‍പോസ്റ്റില്‍ തൂക്കിയ വളയത്തിലൂടെ പന്തുപായിച്ച മമ്പാട്ടെ ആ മിടുക്കന്‍ കുട്ടിയെ മെസ്സി മറന്നിട്ടില്ല. വിജയാഹ്ലാദത്തില്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുകളുയര്‍ത്തിയ ആ താരാനുകരണക്കാഴ്ചയും മെസ്സി മറന്നില്ല. മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ മമ്പാട് കാട്ടുമുണ്ടയിലെ മിഷാല്‍ അബുലൈസ് എന്ന 14-കാരന്‍ ഇടംപിടിച്ചു.

അഡിഡാസിന്റെ 'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന കാമ്പയിന്‍ വീഡിയോയാണ് മെസ്സി ശനിയാഴ്ച പങ്കുവെച്ചത്. ഇതിനകം 60 ലക്ഷത്തോളം പേര്‍ കണ്ട വീഡിയോയിലെ തന്റെ ഭാഗം മിഷാല്‍ തന്റെ പേജിലും പങ്കുവെച്ചു. മുക്കാല്‍ലക്ഷത്തോളം പേരാണ് പിന്തുണയുമായെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് കാട്ടുമുണ്ടയിലെ വീടിനടുത്ത മൈതാനിയില്‍ മിഷാല്‍ വിസ്മയപ്രകടനം നടത്തിയത്. ഗോള്‍പോസ്റ്റില്‍ തൂക്കിയ വളയത്തിലൂടെ പന്തടിച്ച് ലക്ഷ്യം നേടുന്നതും ഒരേസമയം ഉരുട്ടിവിട്ട വളയങ്ങളിലൂടെ പന്തടിച്ച് ഗോളാക്കുന്നതും മറ്റുമാണ് ചിത്രീകരിച്ചത്. ഇടംകാലും വലംകാലുമൊക്കെ ഇവിടെ മിഷാലിന് വഴങ്ങി. ഗോള്‍ നേടുമ്പോഴെല്ലാം മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുയര്‍ത്തി മെസ്സിയെ അനുകരിച്ച് ആ 10-ാം നമ്പര്‍ ജഴ്സിക്കാരന്‍ വിജയാഹ്ലാദം കാട്ടുന്നതും ഇതോടൊപ്പം ശ്രദ്ധ നേടി. ഈ രംഗമാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇടംപിടിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

നേരത്തെ ഈ രംഗങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ ഫുട്ബോള്‍ താരങ്ങളും ഇ.എസ്.പി.എന്‍. അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങളും പങ്കുവെച്ചു. മിഷാലിന്റെ സഹോദരന്‍ വാജിദാണ് ഇതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. രാമനാട്ടുകര ചേലാമ്പ്ര എന്‍.എം.എച്ച്.എസ്.എസിലെ ഒന്‍പതാംതരം വിദ്യാര്‍ഥിയാണ് മിഷാല്‍. കാട്ടുമുണ്ട കണ്ണിയന്‍ അബുലൈസിന്റെയും എം.കെ. റുബീനയുടെയും മകനാണ്.

Content Highlights: boy from mambad included in a video shared by lionel messi