മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ മടങ്ങിയത് മികച്ചൊരു നേട്ടവും സ്വന്തമാക്കി.
ഒരു അരങ്ങേറ്റക്കാരന്റെ പതര്‍ച്ചകളൊന്നും ഇല്ലാതെ ബാറ്റ് ചെയ്ത ഗില്‍ 65 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് പുറത്തായത്.
മെല്‍ബണില്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെ ആത്മവിശ്വാസത്തോടെയാണ് താരം നേരിട്ടത്. അര്‍ഹിച്ച അര്‍ധ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ താരത്തെ കമ്മിന്‍സ് മടക്കുകയായിരുന്നു.
ഇതോടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടവും സ്വന്തമാക്കിയാണ് ഗില്‍ മടങ്ങിയത്.
ഗില്ലിന്റെ ഓപ്പണിങ് പാര്‍ട്ണറായ മായങ്ക് അഗര്‍വാളിന്റെ പേരിലാണ് ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ്. 2018-ല്‍ 76 റണ്‍സാണ് മായങ്ക് അരങ്ങേറ്റ മത്സരത്തില്‍ സ്വന്തമാക്കിയത്.
1947 ഡിസംബറില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ 51 റണ്‍സെടുത്ത ദത്തു ഫാട്കറാണ് ഈ പട്ടികയിലെ രണ്ടാമന്‍.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ട പൃഥ്വി ഷായ്ക്ക് പകരമാണ് ഗില്‍ ടീമിലെത്തിയത്.
Content Highlights: Boxing Day Test Shubman Gill enter into record book