വെല്ലിങ്ടണ്‍: ക്രിക്കറ്റ് ലോകത്ത് മികച്ച ഷോട്ടുകള്‍ കളിച്ച ശേഷം ബാറ്റ്‌സ്മാന്‍മാര്‍ അതേ പോസില്‍ കുറച്ചുനേരം നില്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ആത്മവിശ്വാസത്തോടെയുള്ള ഷോട്ടിന് ശേഷം ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കാന്‍ കൂടിയാണിത്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു പോസ് ബാറ്ററുടെ റണ്ണൗട്ടിലേക്ക് നയിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ന്യൂസീലന്‍ഡിലെ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിങ്ടണും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു രസകരമായ ഈ സംഭവം. 

രണ്ടാം ഇന്നിങ്‌സില്‍ വെല്ലിങ്ടണ്‍ ബാറ്റ് ചെയ്യുന്നതിനിടെ മത്സരത്തിന്റെ 23-ാം ഓവറിലായിരുന്നു സംഭവം. സെന്‍ട്രല്‍ സ്റ്റാഗ്‌സിന്റെ ബെന്‍ വീലര്‍ എറിഞ്ഞ പന്ത് വെല്ലിങ്ടണ്‍ താരം നിക്ക് ഗ്രീന്‍വുഡിന്റെ മിഡില്‍ സ്റ്റമ്പ് ലൈനിലായിരുന്നു വന്നത്. ഫുള്‍ലെങ്തില്‍ വന്ന ആ പന്ത് മനോഹരമായി പ്രതിരോധിച്ച ഗ്രീന്‍വുഡ് അതേപോസില്‍ ഏതാനും സെക്കന്‍ഡുകള്‍ കൂടി തുടര്‍ന്നു.

പക്ഷേ താന്‍ ക്രീസിന് വെളിയിലാണ് നില്‍ക്കുന്നതെന്ന് മനസിലാക്കാതെയായിരുന്നു താരത്തിന്റെ ഈ ഷോ. ഗ്രീന്‍വുഡ് ക്രീസിന് വെളിയില്‍ നില്‍ക്കുന്നത് കണ്ട വീലര്‍ പന്തെടുത്ത് ഉടന്‍ തന്നെ വിക്കറ്റിലേക്ക് എറിഞ്ഞു. അപകടം മണത്ത് ഗ്രീന്‍വുഡിന് ക്രീസില്‍ കാലുകുത്താനുള്ള സമയം ലഭിക്കും മുമ്പ് പന്ത് വിക്കറ്റ് തെറിപ്പിച്ച് കഴിഞ്ഞിരുന്നു. 

ഉടന്‍ തന്നെ ലെഗ് അമ്പയര്‍ കാര്യം സ്ഥിരീകരിച്ചു, ഗ്രീന്‍വുഡ് ഔട്ട്. താരം തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടക്കുകയും ചെയ്തു. 

ഇതിന്റെ വീഡിയോ ബ്ലാക്ക്ക്യാപ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: bowler pulled off a cheeky run out to dismiss batter