മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവരുടെ പേസ് ബൗളര്‍മാരെ നേരിട്ടത് ഏറെ പ്രയാസപ്പെട്ടാണെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.

ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു. ഗാബയില്‍ അവസാന ഇന്നിങ്‌സില്‍ ക്രീസില്‍ ഉറച്ചുനിന്ന താരം കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറിയാണ്  കുറിച്ചത്. 

328 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 211 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ പലപ്പോഴും ഓസീസ് ബൗളര്‍മാരുടെ പന്തുകള്‍ അദ്ദേഹം ശരീരത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. തല മുതല്‍ വയറിന്റെ ഭാഗം വരെ 11 തവണയാണ് ആ ഇന്നിങ്‌സിനിടെ പൂജാരയുടെ ദേഹത്ത് ഓസീസ് പേസര്‍മാരുടെ പന്തിടിച്ചത്. 

ഇപ്പോഴിതാ പന്തുകൊണ്ട് തോളില്‍ രക്തം പോലും കട്ടപിടിച്ചതായി പൂജാര വെളിപ്പെടുത്തിയിരിക്കുകയാണ്. 

''തോളില്‍ ചെറിയ തോതില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇപ്പോള്‍ അത് ശരിയായി. ഞാന്‍ സുഖം പ്രാപിച്ചു. നിങ്ങള്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ സംരക്ഷണവുമുണ്ട്. പക്ഷേ വിരലില്‍ കൊണ്ട ഏറ് ശരിക്കും വേദനാജനകമായിരുന്നു. അതായിരുന്നു ഏറ്റവും കഠിനമായ പ്രഹരം. വിരല്‍ ഒടിഞ്ഞുവെന്നാണ് ഞാന്‍ കരുതിയത്. മെല്‍ബണില്‍ നെറ്റ് സെഷനിടെ വിരലില്‍ പന്ത് തട്ടിയിരുന്നു. പക്ഷേ ബ്രിസ്‌ബെയ്‌നില്‍ അതേ വിരലില്‍ തന്നെ പന്ത് തട്ടിയത് അസഹനീയമായിരുന്നു.'' - എന്‍.ഡി.ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പൂജാര വ്യക്തമാക്കി. 

കൃത്യമായ ആസൂത്രണവുമായെത്തിയ ടിം പെയ്‌നും സംഘവും മികച്ച രീതിയിലാണു പന്തെറിഞ്ഞതെന്നും പൂജാര ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്ത് കഴിഞ്ഞാല്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പൂജാര തന്നെ. മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 271 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Content Highlights: blood clot on the shoulder Cheteshwar Pujara talks body blows in Brisbane Test