മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് വഡോദരയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. വിവാദങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന പാണ്ഡ്യ കുടുംബത്തില്‍ നിന്നാണ് ഈ മാതൃക. 

ഇഷ്ടമുള്ള തുക എഴുതി എടുക്കാന്‍ ആവശ്യപ്പെട്ട് ഒരു ബ്ലാങ്ക് ചെക്കാണ് ക്രുനാല്‍ ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയത്. 

ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാല്‍ ചെക്ക് നല്‍കിയത്. ജേക്കബ് മാര്‍ട്ടിനെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് സഞ്ജയ് പട്ടേലായിരുന്നു. 

''സര്‍, ഇത് ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാം. ദയവായി ഒരു ലക്ഷത്തില്‍ താഴെ തുക എഴുതരുത്'', എന്ന് താരം സഞ്ജയ് പട്ടേലിനോട് അഭ്യര്‍ഥിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന  മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഡിസംബര്‍ 28-നുണ്ടായ അപകടത്തിലാണ് മാര്‍ട്ടിന് ഗുരുതരമായി പരിക്കേറ്റത്. അതേസമയം സൗരവ് ഗാംഗുലി, രവിശാസ്ത്രി, സഹീര്‍ഖാന്‍, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവരും ജേക്കബ് മാര്‍ട്ടിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.

ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. പിന്നീട് ബി.സി.സി.ഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ പുനരാരംഭിച്ചത്.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ്. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും ഇദ്ദേഹമായിരുന്നു. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.

Content Highlights: blank cheque from krunal pandya for ex cricketer battling for life