കറാറ ഓവല്‍: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ പിങ്ക് ടെസ്റ്റിനിടെ അമ്പയറുടെ തീരുമാനത്തിന് കാക്കാതെ ക്രീസ് വിട്ട ഇന്ത്യന്‍ താരം പൂനം റൗത്തിന്റെ പ്രവൃത്തിയില്‍ പ്രതികരണവുമായി ബെത്ത് മൂണി. ഓസീസ് വനിതാ ടീം അംഗമാണ് മൂണി.

ടെസ്റ്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ സെഷനിലായിരുന്നു സംഭവം. പൂനത്തിനെതിരേ തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുകയായിരുന്നു ഓസീസ് ബൗളര്‍ സോഫി മോളിനെക്‌സ്. ഇതില്‍ ഒരു പന്ത് പൂനത്തിന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈയിലെത്തുകയായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി വിരലുയര്‍ത്തിയില്ല. എന്നാല്‍ അമ്പയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ പൂനം സ്വമേധയാ ക്രീസ് വിടുകയായിരുന്നു. 

പരമ്പരയില്‍ ഡി.ആര്‍.എസ് ഉപയോഗിക്കാത്തതിനാല്‍ പൂനത്തിന് തന്റെ വിക്കറ്റ് സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രവൃത്തി ക്രിക്കറ്റ് ലോകത്തിന്റെയും ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങി.

ഇതിനിടെ മൈതാനത്തുണ്ടായിരുന്ന ഓസീസ് താരം ബെത്ത് മൂണിയുടെ വാക്കുകളും വൈറലായി. പൂനത്തിന്റെ പ്രവൃത്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ താനായിരുന്നെങ്കില്‍ ഒരിക്കലും തിരികെ നടക്കില്ലെന്നായിരുന്നു മൂണിയുടെ പ്രതികരണം. ''ഞാനായിരുന്നെങ്കില്‍ ഒരിക്കലും തിരികെ നടക്കില്ലായിരുന്നു. ആ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെയായിരിക്കും'' എന്ന മൂണിയുടെ മൈതാനത്തെ പ്രതികരണം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു.

Content Highlights: Beth Mooney reacts on Punam Raut s sportsmanship act