പൊഖാറ (നേപ്പാള്‍): ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി നേപ്പാള്‍ വനിതാ ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായി നടന്ന നേപ്പാള്‍ - മാലദ്വീപ് വനിതാ ക്രിക്കറ്റ് മത്സരത്തിനിടെ 2.1 ഓവര്‍ ബൗള്‍ ചെയ്ത അഞ്ജലി ഒരു റണ്‍ പോലും വഴങ്ങാതെ ആറു വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ഏതൊരു ട്വന്റി 20 മത്സരത്തിലെയും മികച്ച ബൗളിങ് പ്രകടനമാണിത്. മത്സരത്തിന്റെ ഏഴാം ഓവര്‍ മുതല്‍ അഞ്ജലി തകര്‍ത്ത് പന്തെറിഞ്ഞതോടെ മാലദ്വീപ് ബാറ്റര്‍മാര്‍ വെറും 16 റണ്‍സിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് വിജയം നേടാന്‍ വേണ്ടിവന്നതോ, വെറും അഞ്ചു പന്തുകള്‍ മാത്രം. 19.1 ഓവര്‍ ബാക്കി നില്‍ക്കെ 10 വിക്കറ്റിന്റെ ജയം.
തന്റെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഞ്ജലി രണ്ടാമത്തെ ഓവറില്‍ രണ്ടും മൂന്നാമത്തേതില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ചൈനീസ് വനിതാ ടീമിനെതിരെ മാലദ്വീപിന്റെ മാസ് എലീസ മൂന്നു റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്തതായിരുന്നു വനിതാ ട്വന്റി 20-യിലെ ഇതുവരെയുള്ള മികച്ച പ്രകടനം. ട്വന്റി 20-യില്‍ ഒരു പുരുഷ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്കടക്കം ആറു വിക്കറ്റാണ് ചാഹര്‍ സ്വന്തമാക്കിയത്.
Content Highlights: Best T20I Bowling Figures Nepal's Anjali Chand Scripts History