കിങ്സ്റ്റണ്‍: അങ്ങനെ 2019 ലോകകപ്പിനു ശേഷം ആദ്യമായി വെസ്റ്റിന്‍ഡീസിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് ദേശീയ ടീമിലേക്ക് വിളിവന്നിരിക്കുകയാണ്. 

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ഗെയ്‌ലിനെ തിരിച്ചുവിളിച്ചിരിക്കുന്നത്. എന്നാല്‍ 14 അംഗ സ്‌ക്വാഡില്‍ ഗെയ്‌ലിനെ കൂടാതെ എവിന്‍ ലൂയിസ്, ലെന്‍ഡ്ല്‍ സിമണ്‍സ്, ആന്‍ഡ്രെ ഫ്‌ളെച്ചര്‍ എന്നീ ഓപ്പണര്‍മാരുമുണ്ട്. 

മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ ടീമിലെ തന്റെ ബാറ്റിങ് പൊസിഷന്‍ എന്തായിരിക്കുമെന്ന ചോദ്യത്തിന് രസകരമായിരുന്നു ഗെയ്‌ലിന്റെ മറുപടി. ഏത് ബാറ്റിങ് പൊസിഷനിലും താന്‍ കംഫര്‍ട്ടബിളാണെന്ന് പറഞ്ഞ ഗെയ്ല്‍, ഏത് ബാറ്റിങ് സ്ലോട്ടിലും ലോകത്തെ ഏറ്റവും മികച്ച താരം താനാണെന്നും വ്യക്തമാക്കി. 

''ഇപ്പോള്‍ ഞാന്‍ നമ്പര്‍ 3 സ്‌പെഷ്യലിസ്റ്റാണെന്നാണ് തോന്നുന്നത് (പഞ്ചാബ് കിങ്‌സില്‍ 2020 ഐ.പി.എല്ലില്‍ അങ്ങനെയായിരുന്നു). അനില്‍ കുംബ്ലെയാണ് ആ റോള്‍ ഏറ്റെടുക്കാന്‍ പറഞ്ഞത്. ഐ.പി.എല്ലിനു മുമ്പേ തന്നെ അദ്ദേഹം ഇക്കര്യം പറഞ്ഞിരുന്നു. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തിയപ്പോള്‍ അവര്‍ക്ക് മൂന്നാം നമ്പറില്‍ എന്റെ അനുഭവ സമ്പത്ത് ആവശ്യമായിരുന്നു.'' - ഗെയ്ല്‍ പറഞ്ഞു. 

''അതെനിക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഞാന്‍ സ്പിന്നര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും നന്നായി കളിക്കും. ഞാന്‍ ഒരു ഓപ്പണറാണ്, എന്നാല്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് ഏതു റോളിലാണോ എന്നെ കളിപ്പിക്കേണ്ടത് അതിന് ഞാന്‍ തയ്യാറാണ്. അതിനെ കുറിച്ചൊന്നും ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് ഇനി ഓപ്പണ്‍ ചെയ്യാനായാലും നമ്പര്‍ 3 ആയാലും ഞാന്‍ റെഡി. ഇനി നമ്പര്‍ 5 ആണെങ്കില്‍ അത് കുറച്ചുകൂടി ഫ്‌ളെക്‌സിബിളാണ്. മൂന്നാം നമ്പറിലായാലും അഞ്ചാം നമ്പറിലായാലുമെല്ലാം ലോകത്തിലെ മികച്ച താരം ഞാന്‍ തന്നെയാണ്.'' - ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: best in the world regardless of my batting position says Chris Gayle