പുണെ:  ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പന്തില്‍ ഉമിനീര്‍ പുരട്ടി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ്. 

റീസ് ടോപ്ലി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലെ രണ്ടാം പന്തിനു ശേഷമായിരുന്നു സംഭവം. ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് ഓര്‍ക്കാതെ സ്‌റ്റോക്ക്‌സ് പന്തില്‍ ഉമിനീര്‍ പുരട്ടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ഉടന്‍ തന്നെ താരത്തെ താക്കീത് ചെയ്യുകയും പന്ത് സാനിറ്റൈസ് ചെയ്യുകയും ചെയ്തു. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ മുതല്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഒരു ഇന്നിങ്സില്‍ ഇത്തരത്തില്‍ രണ്ടു തവണ ബൗളിങ് ടീമിന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി അഞ്ചു റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കും.

നേരത്തെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സ്റ്റോക്ക്‌സ് ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് മറികടന്ന് പന്തില്‍ ഉമിനീര്‍ പുരട്ടിയിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. താരം അബദ്ധത്തില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ നിതിന്‍ മേനോന്‍ ഉടന്‍ തന്നെ പന്ത് സാനിറ്റൈസ് ചെയ്യുകയും സ്റ്റോക്ക്സിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Content Highlights: Ben Stokes warned by umpire after applying saliva on the ball