ലണ്ടന്‍: 2019 ലോകകപ്പ് ഫൈനലിലെ ജയത്തോടെ ഇംഗ്ലണ്ട് കിരീടം ചൂടിയിട്ട് ചൊവ്വാഴ്ച ഒരു വര്‍ഷം തികയുകയാണ്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. 

അന്നത്തെ ആ ഫൈനലില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദവും മാനസിക പിരിമുറുക്കവും അനുഭവിച്ചത് ആരായിരിക്കും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണോ? അതോ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണോ? ഇവര്‍ രണ്ടുപേരേക്കാളും അന്ന് സമ്മര്‍ദമനുഭവിച്ച ഒരാളുണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ്. 

കളി കൈവിട്ടെന്ന ഘട്ടത്തില്‍ ജോസ് ബട്ട്‌ലറുമൊത്ത് ഇംഗ്ലണ്ടിനെ താങ്ങിനിര്‍ത്തിയതും അവസാന ഓവറില്‍ 14 റണ്‍സെടുത്ത് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടിയതും സ്‌റ്റോക്ക്‌സായിരുന്നു. ഇതിനു പിന്നാലെ സൂപ്പര്‍ ഓവറില്‍ അദ്ദേഹം ബാറ്റിങ്ങിനിറങ്ങുകയും ചെയ്തു. 

Ben Stokes took cigarette break before World Cup final Super Over

അന്ന് നേരിട്ട കടുത്ത സമ്മര്‍ദം സ്‌റ്റോക്ക്‌സ് എങ്ങനെയായിരിക്കും മറികടന്നിട്ടുണ്ടാകുയെന്ന് ചിന്തിച്ചിട്ടുണ്ടോ? 50 ഓവറില്‍ മത്സരം ടൈ ആയ ശേഷം ഡ്രസ്സിങ് റൂമിലെത്തിയ സ്‌റ്റോക്ക്‌സ് സൂപ്പര്‍ ഓവറിനു മുമ്പ് നേരെ പോയി ഒരു സിഗരറ്റിന് തീകൊളുത്തി.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തെ കുറിച്ച് പ്രതിപാദിക്കുന്നു ഒരു പുസ്തത്തിലാണ് ഇക്കാര്യം പറയുന്നത്. 'മോര്‍ഗന്‍സ് മെന്‍: ദി ഇന്‍സൈഡ് സ്‌റ്റോറി ഓഫ് ഇംഗ്ലണ്ട്‌സ് റൈസ് ഫ്രം ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഹ്യുമിലിയേഷന്‍ ടു ഗ്ലോറി' എന്ന് പുസ്തകത്തിലാണ് സ്റ്റോക്ക്‌സ് അന്ന് അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ചും അത് മറികടക്കാന്‍ സ്വീകരിച്ച മാര്‍ഗത്തെ കുറിച്ചും പറയുന്നത്. നിക്ക് ഹൗള്‍ട്ട്, സ്റ്റീവ് ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

Ben Stokes took cigarette break before World Cup final Super Over

'സൂപ്പര്‍ ഓവര്‍ അടുത്തിരിക്കെ 27,000-ഓളം കാണികളും ടിവി ക്യാമറകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും എല്ലാമുള്ള ഒരിടത്ത് ആരുടെയും ശല്യമില്ലാത്ത ഒരിടം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മുമ്പ് നിരവധി തവണ ലോര്‍ഡ്‌സില്‍ കളിച്ചിട്ടുള്ള ബെന്‍ സ്‌റ്റോക്ക്‌സിന് അവിടത്തെ മുക്കും മൂലയും അറിയാം. ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമിനെ ശാന്തമാക്കാനും തന്ത്രങ്ങള്‍ ക്രമീകരിക്കാനും ശ്രമിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് സ്‌റ്റോക്ക്‌സ് ഒന്ന് മുങ്ങി. ദേഹത്ത് മുഴുവന്‍ അഴുക്കും വിയര്‍പ്പുമായിരുന്നു. പിരിമുറുക്കത്തിന്റെ രണ്ടു മണിക്കൂറും 27 മിനിറ്റും അദ്ദേഹം പൊരുതി. പിന്നീടെന്താണ് സ്റ്റോക്ക്‌സ് ചെയ്തത്. അദ്ദേഹം ഇംഗ്ലണ്ട് ഡ്രസ്സിംഗ് റൂമിന് പുറകിലേക്ക് പോകുന്നു, അറ്റന്‍ഡന്റിന്റെ ചെറിയ ഓഫീസ് മറികടന്ന് കുളിമുറിയിലേക്ക്. അവിടെ അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി ഏതാനും മിനിറ്റുകള്‍ ചെലവിട്ടു.' - പുസ്തകത്തില്‍ പറയുന്നു. 

ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന ലോകകപ്പെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയതില്‍ സ്റ്റോക്ക്സിന്റെ സംഭാവന വിവരിക്കാനാകാത്തതാണ്. 98 പന്തില്‍ 84 റണ്‍സ്, അതില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും. അഞ്ചാം വിക്കറ്റില്‍ ബട്ട്ലര്‍ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന രണ്ട് ഓവറിനിടയില്‍ അടിച്ച സിക്‌സുകള്‍. അവസാന ഓവറിലെ 14 റണ്‍സ്. സൂപ്പര്‍ ഓവറിലെ ബാറ്റിങ്. സ്റ്റോക്ക്‌സ് കളിയിലെ താരമാകാന്‍ ഇത്രയും മതിയായിരുന്നു.

Content Highlights: Ben Stokes took cigarette break before 2019 World Cup final Super Over