ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു വീണ്ടും രംഗത്ത്. ബി.സി.സി.ഐയോടുള്ള ലോധ കമ്മിറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും ബി.സി.സി.ഐ അംഗങ്ങളെ നഗ്നരാക്കി നിര്‍ത്തി തൂണില്‍ കെട്ടിയിട്ട്‌ പിറകില്‍ നൂറ് ചാട്ടവാറടി കൊടുക്കുകയാണ് വേണ്ടതെന്നും കാട്ജു ട്വീറ്റ് ചെയ്തു.

ബി.സി.സി.ഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കാട്ജു ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ അഭിപ്രായം തേടാന്‍ ബി.സി.സി.ഐ കാട്ജുവിനെ ഉപദേഷ്ടാവായി നിയമിച്ചിരിന്നു. തുടര്‍ന്ന് ലോധ കമ്മിറ്റിക്ക് ബി.സി.സി.ഐയുടെ മേല്‍ യാതൊരു സമ്മര്‍ദവും ചെലുത്താനുള്ള ശക്തിയില്ലെന്നും കാട്ജു വ്യക്തമാക്കിയിരുന്നു.

സപ്തംബറില്‍ ബി.സി.സി.ഐ സെക്രട്ടറി അജയ് ശിര്‍ക്കയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെ കാട്ജു തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോധ കമ്മിറ്റി തള്ളുകയും ചെയ്തു. 

ലോധ കമ്മിറ്റിയും ബി.സി.സി.ഐയും തമ്മിലുള്ള അസ്വാരസ്യം കൂടുതല്‍ ശക്തമായ പശ്ചാത്തലത്തിലാണ് കാട്ജു പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഇത് ഇന്ത്യ-ന്യൂസീലന്‍ഡ്‌ പരമ്പരയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ലോധ കമ്മിറ്റി പിന്നീട് രംഗത്തെത്തിതോടെ രംഗം ശാന്തമായത്.