ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും ആഹ്ലാദം പ്രകടിപ്പിച്ചതും നായകന്‍ വിരാട് കോലിയാണ്. കൈയടിച്ചും ഉറക്കെ ചിരിച്ചും ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയുമെല്ലാമായിരുന്നു കോലിയുടെ വിജയാഘോഷം. അക്കൂട്ടത്തില്‍ കോലി ട്രംപറ്റ് വായിക്കുന്ന തരത്തിലൊരു ആംഗ്യം പുറത്തെടുക്കുകയും ചെയ്തു. 

ഈ ആംഗ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. സാധാരണയായി കളിക്കളത്തില്‍ ആക്രമണോത്സുകനായി കളിക്കുന്ന കോലിയുടെ ട്രംപറ്റ് ആഘോഷം മോശമാണെന്നും അത് ഇംഗ്ലീഷ് ആരാധകരെ ആപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞ് പലരും രംഗത്തെത്തി. 

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം രണ്ടു തവണയാണ് കോലി ട്രംപറ്റ് ഊതുന്ന തരത്തില്‍ ആഘോഷപ്രകടനം നടത്തിയത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹസീബിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും വിക്കറ്റുകള്‍ വീണപ്പോള്‍ കോലി ഈ ആംഗ്യം കാണിച്ചു. ഇത് ഇംഗ്ലീഷ് ആരാധകരെ ചൊടിപ്പിച്ചു. 

ഇംഗ്ലീഷ് ആരാധകരുടെ കൂട്ടമായ ബാര്‍മി ആര്‍മിയെ കോലി അപമാനിച്ചു എന്നാണ് പലരും പറയുന്നത്. ഇംഗ്ലണ്ടിനെ പ്രോത്സാഹിപ്പിക്കാന്‍ മത്സരത്തിലുടനീളം ട്രംപറ്റ് വായിച്ചുകൊണ്ട് ബാര്‍മി ആര്‍മി ഗാലറിയിലുണ്ടായിരുന്നു. സംഘത്തെ പരിഹസിക്കാനാണ് കോലി ശ്രമിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടര്‍ന്നു. കോലിയുടെ ഈ പരിഹാസം ഒരു കായികതാരത്തിന് ചേര്‍ന്നതല്ല എന്ന് പല ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെട്ടു. മൈക്കിള്‍ വോണും നിക്ക് കോംപ്റ്റണുമെല്ലാം കോലിയ്‌ക്കെതിരേ രംഗത്തെത്തി. 

എന്നാല്‍ ബാര്‍മി ആര്‍മിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജ് ഈ സംഭവത്തെ രസകരമായാണ് എടുത്തിരിക്കുന്നത്. കോലിയ്ക്ക് ഞങ്ങളുടെ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും അതിനുള്ള സൂചനയാണ് ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചതെന്നും ബാര്‍മി ആര്‍മി കുറിച്ചു. 

മത്സരത്തില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് നേടിയത്. ഈ ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് ആരംഭിക്കും.

Content Highlights: Barmy Army responds to Kohli's trumpet gesture in 4th Test at the Oval