ലിസ്ബൺ: എല്ലാം തകർത്തെറിയാനുള്ള മൂഡിലായിരുന്നു ബയേൺ. അവർക്കു മുന്നിലേക്ക് എത്തിപ്പെട്ടതോ ബാഴ്സലോണയും. ഇടതടവില്ലാതെ മത്സരത്തിൽ ഉടനീളം ആക്രമണം അഴിച്ചുവിട്ട ബയേൺ, ബാഴ്സ പ്രതിരോധത്തെ ഒന്നാകെ തകർത്തു കളഞ്ഞു. മെസ്സിയും സുവാരസും ഗ്രീസ്മാനുമെല്ലാം കാഴ്ചക്കാരായപ്പോൾ മഹത്തായ ചരിത്രമുള്ള ഒരു ക്ലബ്ബിന്റെ ഏറ്റവും മോശം തോൽവിയാണ് (2-8) പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ ലിസ്ബണിൽ സംഭവിച്ചത്.

തോമസ് മുള്ളർ, ഫിലിപ്പെ കുടീഞ്ഞ്യോ എന്നിവർ രണ്ടു തവണ പന്ത് വലയിലെത്തിച്ചപ്പോൾ റോബർട്ട് ലെവൻഡോസ്കി, സെർജ് നാബ്രി, ജോഷ്വ കിമ്മിച്ച്, ഇവാൻ പെരിസിച്ച് എന്നിവർ ഓരോ തവണയും വല കുലുക്കി.

ക്ലബ്ബിന്റെ ചരിത്രത്തിൽ കഴിഞ്ഞ 80 വർഷത്തിനിടെ നേരിട്ട ഏറ്റവും മോശം തോൽവിയാണിത്. 1940-ലാണ് അവസാനമായി ഇത്തരമൊരു വലിയ മാർജിനിൽ അവർ തോൽക്കുന്നത്. ബാഴ്സലോണയുടെ ചരിത്രത്തിലെ മോശം തോൽവികൾ ഏതെന്ന് നോക്കാം.

1940-ൽ ലാ ലിഗയിൽ സെവിയ്യക്കെതിരേ നേരിട്ട തോൽവിയാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. അന്ന് ഒന്നിനെതിരേ 11 ഗോളുകൾക്കാണ് സെവിയ്യ, ബാഴ്സയെ നാണംകെടുത്തിയത്. എങ്കിലും 1940-41 സീസണിൽ നാലാം സ്ഥാനത്തെത്താൻ ബാഴ്സയ്ക്കായി. സെവിയ്യ അത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ബയേണിനോട് തോറ്റ അതേ മാർജിനിൽ (2-8) ബാഴ്സ മുമ്പ് ചിരവൈരികളായ റയൽ മാഡ്രിഡിനോട് തോറ്റിട്ടുണ്ട്. 1935 ലാ ലിഗ സീസണിലായിരുന്നു അത്. അന്ന് നാലു ഗോൾ നേടിയ റയൽ താരം ഫെർണാണ്ടോ സാനുഡോ രണ്ട് ക്ലബ്ബുകളും തമ്മിൽ ഏറ്റുമുട്ടിയ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂളിനോട് ആൻഫീൽഡിൽ എതിരില്ലാത്ത നാലു ഗോളിന് ബാഴ്സ തോറ്റിരുന്നു. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദത്തിൽ 3-0ന്റെ വിജയം നേടിയ ബാഴ്സ, രണ്ടാം പാദത്തിനായി ആൻഫീൽഡിലെത്തിയപ്പോൾ തകർന്നടിയുകയായിരുന്നു. അന്ന് മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ എന്നിവരില്ലാതെ ഇറങ്ങിയ ലിവർപൂൾ ബാഴ്സയെ നിഷ്പ്രഭരാക്കുകയായിരുന്നു.

1994 ചാമ്പ്യൻസ് ലീഗ് ഫൈനൽ ബാഴ്സ ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരമാണ്. അന്ന് എതിരില്ലാത്ത നാലു ഗോളിന് ബാഴ്സയെ തോൽപ്പിച്ച എ.സി മിലാൻ കിരീടവുമായാണ് മടങ്ങിയത്.

2013 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഇരുപാദങ്ങളിലുമായി ബയേൺ 7-0ന് ബാഴ്സലോണയെ തോൽപ്പിച്ചിട്ടുണ്ട്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാലു ഗോളിന് ബാഴ്സയെ തകർത്ത ബയേൺ, ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജയിച്ചുകയറിയത്.

Content Highlights: Barcelona worst defeats in their football history