കോഴിക്കോട്:ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ ബാഴ്സലോണയെ ട്രോളി കോഴിക്കോട് കളക്ടറുടെ ഫെയ്സ്ബുക്ക് പേജും. കോവിഡ്-19 വ്യാപനത്തിനെതിരേയുള്ള ജാഗ്രതാ സന്ദേശമായാണ് ഈ തോൽവിയെ കളക്ടറുടെ എഫ്ബി പേജ് ഉപയോഗിച്ചത്. പ്രതിരോധം പാളിയാൽ 'എട്ടിന്റെ' പണി കിട്ടും എന്ന വാചകത്തോട് കൂടിയുള്ള പരസ്യ പോസ്റ്ററിൽ ബാഴ്സ പോസ്റ്റിലേക്ക് ഗോളടിക്കുന്ന കുട്ടീന്യോയുടെ ചിത്രമുണ്ട്.

ആരും സുരക്ഷിതരല്ല.. ജാഗ്രത പാലിക്കാം.. #Covid_19 #അതിജീവിക്കുകതന്നെചെയ്യും

Posted by Collector Kozhikode on Saturday, 15 August 2020

ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ബാഴ്സ വിരോധികളും ബാഴ്സ ആരാധകരും തമ്മിലുള്ള തല്ലും കമന്റുകളിൽ കാണാം. ചില ബാഴ്സ ആരാധകർ ഈ പോസ്റ്റിന് ദേഷ്യപ്പെടുന്ന റിയാക്ഷനും നൽകിയിട്ടുണ്ട്. 'ന്താണ് ഭായ'് എന്നും 'കളക്ടറേ, ദേ..ഒരു മാതിരി ആക്കരു'തെന്നും ബാഴ്സ ആരാധകർ കമന്റുകളിൽ പറയുന്നു. ഇത് ഒരു ബോധവത്‌കരണ ക്യാമ്പെയ്ൻ ആയി കണ്ടാൽ മതിയെന്നും അല്ലാതെ ഫാൻ ഫൈറ്റ് നടത്തേണ്ട സ്ഥലമല്ലെന്നും കമന്റുകളുണ്ട്.

ബാഴ്സ പ്രതിരോധത്തെ കബളിപ്പിച്ച് എട്ടു ഗോളുകളാണ് ബയേൺ താരങ്ങൾ വലയിലെത്തിച്ചത്. ഇതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ സെമി കാണാതെ പുറത്തായിരുന്നു. കൂട്ടിന്യോയുടേയും തോമസ് മുള്ളറുടേയും ഇരട്ടഗോളുകളാണ് ബയേണിന്റെ വിജയത്തിന് ഇരട്ടിമധുരം നൽകിയത്.

Content Highlights: Barcelona Loss Champions League Kozhikode Collector Troll