ധാക്ക: കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറഫാത്ത് സണ്ണിയെ പോലീസ് അറസ്റ്റു ചെയ്തു. കാമുകിയുടെ പരാതിപ്രകാരമാണ് പോലീസ് നടപടി. ധാക്കയിലെ അമീന്‍ബസാറിലെ വീട് റെയ്ഡു ചെയ്താണ് താരത്തെ പിടികൂടിയത്.

രാജ്യത്ത് നിലവിലുള്ള കര്‍ശനമായ ഇന്റര്‍നെറ്റ് നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി കാമുകി രണ്ടാഴ്ച്ച മുമ്പാണ് അറഫാത്തിനെതിരെ പരാതി നല്‍കിയത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴി തന്റെ സ്വകാര്യചിത്രങ്ങള്‍ പോസ്റ്റു ചെയ്തെന്ന് പരാതിയില്‍ പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 14 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

ഇടങ്കൈയൻ ബൗളറും മുപ്പതുകാരനുമായ അറഫാത്ത് ബംഗ്ലാദേശിനായി 16 ഏകദിനങ്ങളും 10 ടി ട്വന്റിയും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 24 വിക്കറ്റും ടിട്വന്റിയില്‍ 12 വിക്കറ്റും നേടിയിട്ടുണ്ട്. 2016 ടിട്വന്റി ലോകകപ്പില്‍ ബൗളിങ് ആക്ഷന്റെ പേരില്‍ അറഫാത്തിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ധാക്ക മെട്രോപിളിസിനായി കളിക്കുകയാണ് അറഫാത്ത്.