ധാക്ക: പാകിസ്താന്‍-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ വ്യത്യസ്തമായ ഒരു സംഭവം അരങ്ങേറി. ബാറ്റിങ് മാത്രം ചെയ്യാനറിയുന്ന താരമെന്ന പേരില്‍ ക്രിക്കറ്റ് ലോകം വിധിയെഴുതിയ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ബൗളറായി മാറി. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് ബാബര്‍ ഒരു മത്സരത്തില്‍ പന്തെറിയുന്നത്‌. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ അവസാന ഓവറാണ് ബാബര്‍ ചെയ്തത്. ഒരോവര്‍ മാത്രം ചെയ്ത ബാബര്‍ വെറും ഒരു റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. 

ബംഗ്ലാദേശ് ബാറ്റര്‍ തജിയുള്‍ ഇസ്ലാമിന്റെ വിക്കറ്റ് വീഴ്ത്താന്‍ അവസരം ലഭിച്ചെങ്കിലും ഫീല്‍ഡര്‍ ക്യാച്ച് പാഴാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ നേരത്തേ പന്തെറിഞ്ഞിട്ടുള്ള ബാബര്‍ 12 വിക്കറ്റ് നേടിയിട്ടുണ്ട്. ബാബര്‍ അസമിന്റെ ബൗളിങ് വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. 

രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.76 റണ്‍സെടുത്ത ബാബറാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 76 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ആദ്യ ടെസ്റ്റില്‍ പാകിസ്താനാണ് വിജയം നേടിയത്. 

Content Highlights: Babar Azam bowls for first time in international cricket