മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാനായി പോയിരുന്നു. ഇതിനു പിന്നാലെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം നില്ക്കുന്ന ഒരു ചിത്രവും കോലി പങ്കുവെച്ചിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ ഹാന്‍ഡിലിലും ഈ ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ നല്കിയ കുറിപ്പ് ക്രിക്കറ്റ്, ടെന്നീസ് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. മൂന്ന് ഇതിഹാസങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫെഡറര്‍ക്കൊപ്പം കോലിയും അനുഷ്കയും നില്ക്കുന്ന ചിത്രം അധികൃതര്‍ പങ്കുവെച്ചത്.
ഫെഡറര്‍ക്കൊപ്പം കോലിക്കുമൊപ്പം അനുഷ്കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. പലരും ഈ ചിത്രത്തില്‍ നിന്ന് അനുഷ്കയെ വെട്ടിമാറ്റി, ഇപ്പോള്‍ ഇതിഹാസങ്ങള്‍ എന്ന പേര് ശരിയായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്തു.
ഓസീസ് പര്യടനത്തിന്റെ തുടക്കം മുതല്‍ കോലിക്കൊപ്പം അനുഷ്കയുണ്ട്. അതേസമയം നേരത്തെ ഇംഗ്ലണ്ടില്‍വെച്ച് ഇന്ത്യന്‍ ടീമിനൊപ്പമുള്ള ചിത്രത്തില്‍ അനുഷ്ക ഉള്‍പ്പെട്ടത് വിവാദമായിരുന്നു.
Content Highlights: Australian Open, Roger Federer, Virat Kohli, Anushka Sharma