മെല്‍ബണ്‍: ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ഓസീസ് ക്രിക്കറ്റ് താരം തലയ്‌ക്കേല്‍ക്കുമായിരുന്ന പരിക്കില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. 

ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടൂര്‍ണമെന്റായ മാര്‍ഷ് കപ്പില്‍ ന്യൂ സൗത്ത് വെയില്‍സും ക്വീന്‍സ്‌ലന്‍ഡും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ശ്വാസം നിലച്ചുപോയ സംഭവം അരങ്ങേറിയത്.

ന്യൂ സൗത്ത് വെയില്‍സ് പേസര്‍ മിക്കി എഡ്വേര്‍ഡ്‌സാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എഡ്വേര്‍ഡ്‌സിന്റെ പന്ത് മുന്നോട്ടു കയറിക്കളിച്ച ക്വീന്‍സ്‌ലന്‍ഡ് താരം സാമുവല്‍ ഹെസ്ലെറ്റിന്റെ ഷോട്ട് നേരെ ചെന്നത് എഡ്വേര്‍ഡ്‌സിന്റെ തന്നെ തലയ്ക്ക് നേരെയായിരുന്നു. പന്തെറിഞ്ഞ ശേഷം ഫോളോത്രൂവിലായിരുന്ന എഡ്വേര്‍ഡ്‌സ് പന്ത് തലയ്ക്കു നേരെ വരുന്നതു കണ്ട് പെട്ടെന്നു തന്നെ കൈകൊണ്ട് തടുത്തു. പന്ത് കൈയില്‍ ശക്തിയായി ഇടിച്ചെങ്കിലും തലയ്ക്ക് പരിക്കേല്‍ക്കാതെ എഡ്വേര്‍ഡ്‌സ് രക്ഷപ്പെട്ടു. കാണികളൊന്നടങ്കം ഇതുകണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു.

ക്രിക്കറ്റ് മൈതാനത്തെ പരിക്കുകള്‍ ഓസീസ് താരങ്ങളെ വിടാതെ പിന്തുടരുന്നതിനിടെയാണ് ഈ സംഭവവും. ഇക്കഴിഞ്ഞ ആഷസ് പരമ്പരയ്ക്കിടെ ഇംഗ്ലീഷ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്റ്റീവ് സ്മിത്തിന് പരിക്കേറ്റിരുന്നു.

Content Highlights: Australian Bowler's Narrow Escape from head injury