സിഡ്‌നി: ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 2019 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനു ശേഷം ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് വിട്ടുനിന്ന ശേഷമായിരുന്നു ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

എന്നാല്‍ അവിടെ നിന്നും പിന്നീട് പലപ്പോഴും ക്രിക്കറ്റ് മൈതാനങ്ങളില്‍ ധോനിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതിന് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ഇന്ത്യ  - ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തിനിടയിലും ധോനിയുടെ പേര് ഉയര്‍ന്നു കേട്ടു. ഇത്തവണ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മാത്യു വെയ്ഡാണ് മത്സരത്തിനിടെ ധോനിയുടെ പേര് പരാമര്‍ശിച്ചത്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറില്‍ മിച്ചല്‍ സ്വെപ്‌സണിന്റെ പന്തില്‍ ധവാനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ സാധിക്കാതിരുന്നതിനു പിന്നാലെയായിരുന്നു വെയ്ഡിന്റെ വാക്കുകള്‍. ''ഞാന്‍ ധോനിയല്ല, ധോനിയുടെ അത്ര വേഗം എനിക്കില്ല.'' എന്ന് വെയ്ഡ് ധവാനോട് പറയുന്നത് സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു. സ്വെപ്‌സണിന്റെ പന്ത് കളിക്കുന്നതില്‍ പിഴച്ച ധവാന്റെ കാല്‍പ്പാദം ക്രീസില്‍ നിന്ന് ഉയരുന്നതിനായി കാത്തിരുന്നാണ് വെയ്ഡ് സ്റ്റംപ് ഇളക്കിയത്. എന്നാല്‍ റീപ്ലേകളില്‍ ധവാന്റെ കാല്‍ ക്രീസില്‍ തന്നെയായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു.

വെയ്ഡിന്റെ വാക്കുകള്‍ വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 2016 ട്വന്റി 20 ലോകകപ്പിനിടെ സമാനമായ ഒരു സ്റ്റംപിങ്ങിലൂടെ ധോനി ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാനെ പുറത്താക്കിയിരുന്നു.

Content Highlights: Australia wicketkeeper and captain Matthew Wade recalled MS Dhoni skills behind the stumps