ചെന്നൈ:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ഈ പ്രഖ്യാപനത്തെ പിന്തുണച്ച് നിരവധി ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍.അശ്വിനും ഈ ലോക്ക്ഡൗണിന് പിന്തുണയുമായി ട്വീറ്റ് ചെയ്തു.

ഐ.പി.എല്ലിനിടെ നടന്ന മങ്കാദിങ് വിവാദത്തിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അശ്വിന്റെ പിന്തുണ. 'ഹഹഹ, ഈ ചിത്രം അയച്ചുതന്നിട്ട് ആരോ പറഞ്ഞു ഈ റണ്‍ഔട്ട് സംഭവിച്ച് ഒരു വര്‍ഷമായെന്ന്. രാജ്യം ലോക്ക്ഡൗണ്‍ ആയ ഈ സാഹചര്യത്തില്‍ ഇതൊരു മികച്ച ഓര്‍മപ്പെടുത്തലാണ്. പുറത്തു ചുറ്റിത്തിരിയാതെ വീട്ടിനുള്ളില്‍ തന്നെ ഇരിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക.' അശ്വിന്‍ ട്വീറ്റ് ചെയ്തു.

ഒരു വര്‍ഷം മുമ്പാണ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ലറെ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ആ സമയത്ത് ബട്ലര്‍ 69 റണ്‍സുമായി മികച്ച ഫോമിലായിരുന്നു. 13-ാം ഓവറില്‍ ബട്ലര്‍ പുറത്താകുമ്പോള്‍ രണ്ട് വിക്കറ്റിന് 108 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ഈ ഔട്ടിലൂടെ രാജസ്ഥാന്റെ താളം നഷ്ടപ്പെട്ടു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 164 റണ്‍സെടുത്ത രാജസ്ഥാന്‍ 14 റണ്‍സിന് പരാജയപ്പെട്ടു.

Content Highlights: Corona, Covid19 Ashwin, Mankading LockDown