ചെന്നൈ: 2014-ല്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിവസത്തെ ഓര്‍മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് ധോനിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചുള്ള ഒരു വീഡിയോയുമായി അശ്വിന്റെ രംഗപ്രവേശം.

2014-ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരയ്ക്കിടെയാണ് ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. പരിക്ക് കാരണം ആദ്യ ടെസ്റ്റില്‍ നിന്ന് ധോനി മാറിനിന്നിരുന്നു. പകരം വിരാട് കോലിയായിരുന്നു ടീമിനെ നയിച്ചത്. 

ആദ് ടെസ്റ്റ് 48 റണ്‍സിന് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടു. നിര്‍ണായകമായ മൂന്നാം ടെസ്റ്റ് മെല്‍ബണിലായിരുന്നു. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മത്സരം സമനിലയിലെത്തിക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. പരമ്പര ഓസീസ് സ്വന്തമാക്കുകയും ചെയ്തു.

മെല്‍ബണ്‍ ടെസ്റ്റിനുശേഷം ധോനി വിരമിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് അശ്വിന്‍ പറഞ്ഞത് ഇങ്ങനെ, ''2014-ല്‍ അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ച സമയത്ത് മെല്‍ബണ്‍ ടെസ്റ്റില്‍ മത്സരം രക്ഷിച്ചെടുക്കാന്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുകയായിരുന്നു. മത്സരം അവസാനിച്ചതോടെ അദ്ദേഹം ഒരു സ്റ്റമ്പ് കൈയിലെടുത്ത് താന്‍ അവസാനിപ്പിച്ചു എന്ന് പറഞ്ഞ് നടന്നു നീങ്ങി. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമായ നിമിഷമായിരുന്നു. അന്ന് വൈകുന്നേരം ഞാനും ഇഷാന്ത് ശര്‍മയും സുരേഷ് റെയ്നയും അവന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. രാത്രി മുഴുവന്‍ അദ്ദേഹം ആ ടെസ്റ്റ് മാച്ച് ജേഴ്‌സി ധരിച്ചിരിക്കുകയായിരുന്നു, കണ്ണ് നിറയുന്നുമുണ്ടായിരുന്നു.'' - അശ്വിന്‍ പറഞ്ഞു.

ധോനിയുടെ വിരമിക്കലിനു ശേഷം നാലാം ടെസ്റ്റില്‍ വിരാട് കോലി തന്നെ ഇന്ത്യയെ നയിച്ചു. കരിയറില്‍ 90 ടെസ്റ്റുകള്‍ കളിച്ച ധോനി 38.09 ശരാശരിയില്‍ 4876 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ചുറിയും 33 അര്‍ധ സെഞ്ചുറിയും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലുണ്ട്.

Content Highlights: Ashwin recalls the night MS Dhoni decided to retire from Tests