മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുണ്ടാവില്ല. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടയില്‍ ആഗറിന് പരിക്കേല്‍ക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ആഗറിന്റെ കൈവിരല്‍ ഒടിഞ്ഞു.  ഡൈവ് ചെയ്ത ആഗറിന്റെ കൈവിരല്‍ നിലത്ത് കുത്തുകയായിരുന്നു. തെന്നി നീങ്ങുന്നതിനിടെ കൈവിരല്‍ ശരീരത്തിനടിയില്‍ പെട്ടതാണ് ഒടിയാന്‍ കാരണം. 

ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആഗറിന്റെ അഭാവം ഓസീസിന് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സൈഡ് ബെഞ്ചിലിരുന്ന ആഗര്‍ ഇന്‍ഡോറിലും കൊല്‍ക്കത്തയിലും കളിച്ചിരുന്നു. ആദം സാംബയെ മാറ്റിയാണ് സ്മിത്ത് ആഗറിനെ ഇറക്കിയത്. കളിച്ച രണ്ടു ഏകദിനങ്ങളിലും ആഗര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇനി ബാംഗ്ലൂരിലും റാഞ്ചിയിലും നടക്കുന്ന ഏകദിനങ്ങളില്‍ ആദം സാംബ തന്നെയാകും ആഗറിന് പകരം ഇറങ്ങുക.