ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റെയ്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി കോലി ചാറ്റിങ്ങിന് സമയം കണ്ടെത്തി. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോലി.

ഈ സംഭാഷണം രസകരമായി മുന്നേറവെ ഇടയ്ക്ക് ഒരു ചോദ്യം കണ്ട് കോലി ആദ്യം ഒന്ന് ഞെട്ടി. പിന്നീട് ചിരിച്ചു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയുടെ ചോദ്യമായിരുന്നു അത്. ഹെഡ്ഫോൺ എവിടെയാണ് വെച്ചത് എന്നായിരുന്നു അനുഷ്കയ്ക്ക് അറിയേണ്ടിയിരുന്നത്. ബെഡ്ഡിന് അടുത്തുള്ള മേശയുടെ മുകളിലുണ്ടെന്ന് കോലി മറുപടിയും നൽകി.

മകൾ വാമികയെ കുറിച്ചും ആരാധകർ ചോദിച്ചു. വാമികയുടെ ഒരു ചിത്രം പങ്കുവെയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'സോഷ്യൽ മീഡിയയിൽ വാമികയുടെ ചിത്രം പങ്കുവെയ്ക്കില്ല. സോഷ്യൽ മീഡിയ എന്താണെന്ന് മനസ്സിലാക്കുന്ന പ്രായമെത്തുമ്പോൾ ഇതെല്ലാം അവൾ തീരുമാനിക്കട്ടെ.' ഇതായിരുന്നു കോലി ആ ചോദ്യത്തിന് നൽകിയ മറുപടി. അനുഷ്കയ്ക്കൊപ്പം ടിവി ഷോ കണ്ടാണ് ഒഴിവുസമയം ചിലവഴിക്കാറുള്ളതെന്നും കോലി വ്യക്തമാക്കി.

Content Highlights: Anushka Sharma Crashes Virat Kohlis Session With Fans  Asks About Her Headphones