ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യില്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ വിരാട് കോലിയുടെ ആ റണ്‍ഔട്ട് ആരും മറന്നിട്ടുണ്ടാകില്ല. മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയതുതന്നെ ആ റണ്‍ഔട്ട് ആയിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി ഒന്നാന്തമൊരു ത്രോയിലൂടെ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് ഇളക്കി. 

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലും ഫീല്‍ഡിങ്ങില്‍ താന്‍ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചു. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന ഒരു റണ്‍ഔട്ടിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കാണികളുടെ കൈയടി നേടി.

Read More: രാഹുലിന് ഈ ഷോട്ടും വഴങ്ങുമോ?; അഭിനന്ദനവുമായി ആരാധകര്‍

മികച്ച കൂട്ടുകെട്ടോടെ കിവീസ് മുന്നേറുന്നതിനിടെ ഹെന്റി നിക്കോള്‍സിനെ കോലി റണ്‍ഔട്ടാക്കുകയായിരുന്നു. ജസ്പ്രീത് ബുംറ എറിഞ്ഞ 29-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോലിയുടെ സൂപ്പര്‍ ഫീല്‍ഡിങ്. 

ബുംറയുടെ പന്ത് പ്രതിരോധിച്ച റോസ് ടെയ്‌ലര്‍ സിംഗിളെടുക്കാന്‍ ഓടി. സിംഗിള്‍ പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയില്‍ നിക്കോള്‍സ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കും ഓടി. എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. പന്തെടുത്ത് പാഞ്ഞടുത്ത കോലി സ്റ്റമ്പിലേക്ക് ഡൈവ് ചെയ്തു. നിക്കോള്‍സ് ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോഴേക്കും പന്തുകൊണ്ട് ബെയ്ല്‍സ് ഇളകിവീണു.  

ന്യൂസീലന്‍ഡ് മത്സരത്തില്‍ നിലയുറപ്പിച്ചപ്പോഴായിരുന്നു ഈ റണ്‍ഔട്ട്. പുറത്താകുമ്പോള്‍ നിക്കോള്‍സ് 82 പന്തില്‍ 11 ബൗണ്ടറി സഹിതം 78 റണ്‍സെടുത്തിരുന്നു.

Content Highlights: Another brilliant run out by Virat Kohli India vs New Zealand First Odi