മുംബൈ: പിണക്കങ്ങളെല്ലാം മറന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിവാഹ വിരുന്നിനെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ലെ രാജിവെയ്ക്കാന്‍ കാരണം കോലിയാണെന്നത് പരസ്യമായ രഹസ്യമാണ്. തന്റെ രാജിക്കത്തില്‍ കോലിക്കെതിരെ കുംബ്ലെ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് കുംബ്ലെസകുടുംബം വിരുന്നിനെത്തുകയായിരുന്നു. വിരുന്നിനെത്തിയ കുംബ്ലെയുടെ ചിത്രം പങ്കുവെച്ച് നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തത്. ഏറ്റവും മനോഹരമായ നിമിഷമാണെന്നും രണ്ടുപേര്‍ തമ്മിലുള്ള പിണക്കം മാറിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആരാധകര്‍ പറയുന്നു.

വിരാട് കോലിയുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാലാണ് രാജിവെക്കുന്നത് എന്നായിരുന്നു കത്തില്‍ കുംബ്ലെ പറഞ്ഞിരുന്നത്. കുംബ്ലെയുടെ കര്‍ക്കശമായ പരിശീലന രീതിയോട് യോജിച്ചുപോകാനാവില്ലെന്ന് കോലിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ബി.സി.സി.ഐയില്‍ പരാതിപ്പെടുകയും ചെയ്തു. ഇതാണ് കുംബ്ലെയുടെ രാജിയിലേക്ക് നയിച്ചത്.

Content Highlights: Anil Kumble Virushka Reception at Mumbai