ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തി അനില്‍ കുംബ്ലെ എന്ന ഇന്ത്യയുടെ ബൗളിങ് മാന്ത്രികന്‍ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ ഇടംനേടിയിട്ട് 21 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ബദ്ധവൈരികളായ പാകിസ്താനെതിരേ 1999 ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ലയിലെ മൈതാനത്തായിരുന്നു കുംബ്ലെയുടെ ആ മാന്ത്രിക പ്രകടനം. ചെന്നൈയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 12 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ജയം അനിവാര്യമായ ഘട്ടത്തിലാണ് കുംബ്ലെയില്‍ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടായത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചരിത്ര ഇന്നിങ്‌സിലൂടെ പ്രസിദ്ധമായിരുന്നു ചെന്നൈ ടെസ്റ്റ്.
ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പാകിസ്താനെ 212 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. കുംബ്ലെയുടെ പെര്‍ഫക്ട് ടെന്‍ പ്രകടനം തന്നെയാണ് രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കമിട്ട പാകിസ്താന് മൂക്കുകയറിടാന്‍ ഇന്ത്യയെ സഹായിച്ചത്. എന്നാല്‍ കുംബ്ലെയുടെ ഈ നേട്ടത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരുടെ സംഭാവനകള്‍ മറക്കുന്നതെങ്ങിനെ. ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം അന്ന് ടീമിലുണ്ടായിരുന്നവരാണ്.
അന്ന് തന്റെ പെര്‍ഫക്ട് ടെന്നിനായി ശ്രീനാഥ് സഹിച്ച ബുദ്ധിമുട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുംബ്ലെ ഇപ്പോള്‍. മുന്‍ സിംബാബ്‌വെ താരവും കമന്റേറ്ററുമായ പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കുംബ്ലെ താന്‍ 10-ാം വിക്കറ്റ് തികയ്ക്കുന്നതിന് മുമ്പുള്ള ഓവറില്‍ ശ്രീനാഥ് സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്.
വസീം അക്രത്തെ പുറത്താക്കി കുംബ്ലെ ചരിത്ര നേട്ടം സ്വന്തമാക്കുന്നതിനു മുമ്പുള്ള ഓവര്‍ എറിഞ്ഞത് ശ്രീനാഥായിരുന്നു. ടെസ്റ്റിന്റെ നാലാം ദിനമായതിനാല്‍ തന്നെ ഇന്ത്യയുടെ വിജയവും ഉറപ്പായിരുന്നു. പിന്നീട് എല്ലാവരും കാത്തിരുന്നത് കുംബ്ലെ ആ നേട്ടം സ്വന്തമാക്കുന്നത് കാണാനായിരുന്നു. താന്‍ മൂലം കുംബ്ലെയ്ക്ക് ആ നേട്ടം നഷ്ടമാകരുതെന്ന തിരിച്ചറിവില്‍ വിക്കറ്റ് വീഴ്ത്താതിരിക്കാന്‍ ഏറെ സൂക്ഷിച്ചാണ് ശ്രീനാഥ് പന്തെറിഞ്ഞത്. ആ ഓവറാകട്ടെ വൈഡുകള്‍ നിറഞ്ഞതുമായിരുന്നു.
''അന്ന് (ടെസ്റ്റിന്റെ നാലാം ദിനം) ചായയ്ക്കു പിന്നാലെ ഞാന്‍ ഏഴും എട്ടും ഒമ്പതും വിക്കറ്റുകള്‍ നേടി ആ ഓവര്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ശ്രീനാഥിന് ഒരു ഓവര്‍ ബൗള്‍ ചെയ്യേണ്ടിയിരുന്നു. ഒരുപക്ഷേ, കരിയറില്‍ അദ്ദേഹം അത്രയും ബുദ്ധിമുട്ടി എറിഞ്ഞ ഓവര്‍ അതായിരുന്നിരിക്കണം. അതുവരെ പഠിച്ച എല്ലാ കഴിവുകളും മറന്ന് തികച്ചും വൈഡായാണ് അദ്ദേഹം പന്തുകളെറിഞ്ഞത്. എന്നെ വിശ്വസിക്കണം, ഞാന്‍ അദ്ദേഹത്തോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ആ ഓവറില്‍ തന്നെ ആ വിക്കറ്റ് വീഴ്ത്തണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കാരണം ഒരിക്കല്‍ കൂടി ശ്രീനാഥിനോട് അത്തരത്തില്‍ ബൗള്‍ ചെയ്യാന്‍ പറയുന്നത് ശരിയല്ല. പരമ്പരയില്‍ പിന്നിട്ടു നില്‍ക്കെ പാകിസ്താനെതിരേ തന്നെ അത്തരമൊരു നേട്ടം സ്വന്തമാക്കാനായത് ഏറെ പ്രത്യേകതയുള്ള കാര്യമായിരുന്നു.'' - കുംബ്ല പറഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പാകിസ്താന് ഒന്നാം വിക്കറ്റില്‍ 101 റണ്‍സടിച്ച സയീദ് അന്‍വര്‍ - ഷാഹിദ് അഫ്രീദി സഖ്യം മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ കുംബ്ലെയെ ഒരറ്റത്ത് തുടര്‍ച്ചയായി ബൗള്‍ ചെയ്യിച്ചിരുന്നു.
ആ മത്സരത്തില്‍ 26.3 ഓവറുകളാണ് കുംബ്ലെ എറിഞ്ഞത്. ശ്രീനാഥ് ബൗള്‍ ചെയ്തത് 12 ഓവറാണ്. ഹര്‍ഭജന്‍ 18 ഓവര്‍ എറിഞ്ഞു. പ്രസാദാകട്ടെ വെറും നാല് ഓവര്‍ മാത്രമാണ് എറിഞ്ഞത്.
''എല്ലാം ഇന്നലെ കഴിഞ്ഞതു പോലെയാണ് എനിക്ക് തോന്നുന്നത്. പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്. കോട്ട്‌ലയില്‍ ജയിച്ച് ഞങ്ങള്‍ക്ക് പരമ്പര സമനിലയിലാക്കുകയും ചെയ്യേണ്ടിയിരുന്നു. വേഗമുള്ളതും അസാധാരണ ബൗണ്‍സ് ഉള്ളതുമായ വിക്കറ്റുകളില്‍ എന്റെ ബൗളിങ് ഫലപ്രദമാകുമെന്ന് എനിക്ക് തോന്നിയിരുന്നു.'' - കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനു ശേഷം ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും സ്വന്തമാക്കിയ ഏക താരവും കുംബ്ലെ തന്നെ. 1956-ല്‍ ഓസീസിനെതിരെയായിരുന്നു ജിം ലേക്കറിന്റെ നേട്ടം. 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് കുബ്ലെ അന്ന് പാകിസ്താന്‍ ഇന്നിങ്‌സിലെ മൊത്തം വിക്കറ്റുകളും പോക്കറ്റിലാക്കിയത്.
''അന്ന് കുംബ്ലെയുടെ പെര്‍ഫക്ട് 10 ഇല്ലാതാക്കാന്‍ നോക്കിയിട്ടില്ല''
1999-ലെ ഫിറോസ് ഷാ കോട്ട്ല ടെസ്റ്റില്‍ അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം മനഃപൂര്‍വം ഇല്ലാതാക്കാന്‍ നോക്കിയിട്ടില്ലെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസീം അക്രം വെളിപ്പെടുത്തിയത് അടുത്തിടെയായിരുന്നു. പാകിസ്താന്‍ ഒമ്പതിന് 198 എന്ന നിലയില്‍ നില്‍ക്കെ മറ്റേതെങ്കിലും ബൗളര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് കുംബ്ലെയുടെ പെര്‍ഫക്ട് 10 തടയണമെന്ന് ചിന്തിച്ചിട്ടേയില്ലെന്നും അക്രം വ്യക്തമാക്കി. അത്തരത്തില്‍ വന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു.
''ഒരിക്കലുമില്ല, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത കാര്യമാണത്. ആ സമയത്ത് ഞാന്‍ വഖാറിനോട് പറഞ്ഞത് നീ നിന്റെ സാധാരണ കളി കളിക്കൂ എന്നും ഞാനൊരിക്കലും കുംബ്ലെയുടെ പന്തില്‍ പുറത്താകില്ല എന്നുമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ വഖാറിനോട് ശ്രീനാഥിനെതിരേ ഷോട്ടുകള്‍ കളിച്ചുകൊള്ളാനും പറഞ്ഞു. എന്നാല്‍ കുംബ്ലെ ബൗള്‍ ചെയ്ത ആദ്യ പന്തു തന്നെ എന്റെ ബാറ്റിലുരസി, ഞാന്‍ പുറത്തായി. ഇന്ത്യയ്ക്കും കുംബ്ലെയ്ക്കും അതൊരു വലിയ ദിവസം തന്നെയായിരുന്നു'', ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കവെ അക്രം പറഞ്ഞതാണ് ഇത്.
Content Highlights: Anil Kumble recalls javagal srinath's contribution in Perfect 10 against Pakistan