ബെംഗളൂരു: 2004 ഡിസംബർ 26 ദക്ഷിണേന്ത്യയ്ക്കും ഇന്ത്യയുടെ അയർ രാജ്യങ്ങൾക്കും ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി തിരമാലകൾ ദക്ഷിണേന്ത്യൻ തീരങ്ങളിൽ നാശംവിതച്ച് കടന്നുപോയത് ആ ഡിസംബർ 26-ന് ആയിരുന്നു. ലോകമെമ്പാടും രണ്ടു ലക്ഷത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിൽ 10,136 ആളുകൾക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിനാളുകൾക്ക് വീടുകളും.

സുനാമി നാശം വിതയ്ക്കുന്ന സമയത്ത് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ, കുടുംബത്തോടൊപ്പം ചെന്നൈയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ താരം ആർ. അശ്വിനുമൊത്തുള്ള ലൈവ് ചാറ്റിനിടെ അന്നത്തെ നടുക്കുന്ന ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

''ആ സമയത്ത് ഞങ്ങൾ ചെന്നൈയിലെ ഫിഷർമാൻ കോവ് റിസോട്ടിലാണ് താമസിച്ചിരുന്നത്. എന്റെ ഭാര്യയും മകനുമായിരുന്നു കൂടെ. എന്റെ മകന് അന്ന് ഏകദേശം പത്തുമാസമാണ് പ്രായം. അതിനാൽ തന്നെ വിമാനത്തിലായിരുന്നു യാത്ര. റോഡ് വഴി തിരിച്ച് ആറു മണിക്കൂറോളം എടുക്കുമെന്നതിനാലായിരുന്നു അത്. ആ അവധിക്കാലം ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. സുനാമി സംഭവിച്ച ദിവസം ഞങ്ങൾ തിരിച്ചുപോകുന്ന ദിവസമായിരുന്നു. 11.30-നായിരുന്നു ഫ്ളൈറ്റ് അതിനാൽ 9.30-ന് തന്നെ ഞങ്ങൾ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. രാവിലെ ഞങ്ങൾ നേരത്തെ എഴുന്നേറ്റിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ കടൽ ശാന്തം. തെളിഞ്ഞ കാലാവസ്ഥയും. അന്ന് കദേശം 8.30-ഓടെ ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് പോയി. ആദ്യ സുനാമി തിരയടിക്കുന്ന സമയത്ത് ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നിരിക്കണം. അങ്ങനെയൊന്ന് സംഭവിച്ചത് ഞങ്ങൾ അറിഞ്ഞതേയില്ല. പിന്നീട് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് നനഞ്ഞ് വിറച്ച് ഒരു യുവ ദമ്പതികൾ വരുന്നത് കണ്ടത്. അവർ അക്ഷരാർഥത്തിൽ ഞെട്ടിവിറയ്ക്കുകയായിരുന്നു.'' - കുംബ്ലെ പറഞ്ഞു.

''ഹോട്ടലിൽ നിന്ന് പുറത്തെത്തിയപ്പോഴാണ് സാഹചര്യത്തിന്റെ വ്യാപ്തി മനസിലായത്. കാണുന്ന ആളുകളുടെ മുഖത്തെല്ലാം പരിഭ്രാന്തി. ഞങ്ങൾ പുറത്തിറങ്ങി കാറിൽ ഇരുന്നു. ഹോട്ടൽ കഴിഞ്ഞ ഒരു പാലമുണ്ട്. ആ പാലത്തിനൊപ്പം വെള്ളം പൊങ്ങിയിരുന്നു. പോകുന്ന വഴിക്ക് ആളുകൾ തങ്ങളെക്കൊണ്ടാവുന്ന സാധനങ്ങളെല്ലാം ചുമന്ന് വരുന്നത് കണ്ടു. ഞങ്ങളുടെ ഡ്രൈവർക്ക് നിരന്തരം ഫോൺ വന്നുകൊണ്ടിരുന്നു. തുടർന്ന് അയാളോട് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് ആവശ്യപ്പെടേണ്ടി വന്നു. അന്നുവരെ സുനാമിയെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. ബെംഗളൂരുവിൽ തിരിച്ചെത്തി ടിവി ഓൺ ചെയ്തപ്പോഴാണ് സംഭവിച്ചതിനെ കുറിച്ച് അറിയുന്നത്.'' - കുംബ്ലെ വ്യക്തമാക്കി.

Content Highlights: Anil Kumble narrates how he escaped 2004 Tsunami