ഇന്ത്യന്‍ വെല്‍സ്:  ടെന്നീസ് താരം ആന്‍ഡി മറേയുടെ വിവാഹ മോതിരവും ഷൂസും മോഷണം പോയി. എന്നാല്‍ നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ അത് തിരികെ കിട്ടുകയും ചെയ്തു. ഇതോടെ മറെയുടെ സങ്കടം സന്തോഷമായി മാറി.

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ മത്സരിക്കുന്ന മറെ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് മോതിരവും ഷൂവും നഷ്ടപ്പെട്ടത് അറിഞ്ഞത്. ഷൂവില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ പാര്‍ക്കിങ് ഏരിയയിലെ കാറിന് അടിയില്‍വെച്ച് മറെ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു. രാത്രിയില്‍ ഇത് ആരോ മോഷ്ടിച്ചു. അടുത്ത ദിവസം പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഷൂ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് താരം അറിയുന്നത്. ഷൂ ലെയ്‌സിലായിരുന്നു വിവാഹ മോതിരം കെട്ടിയിരുന്നത്. 

ഇതോടെ താരം ആകെ സങ്കടത്തിലായി. മോതിരവും ഷൂവും നഷ്ടപ്പെട്ടെന്നും താന്‍ ആകെ സങ്കടത്തിലാണെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വിഡ്ഢി, കോമാളി തുടങ്ങിയ ഹാഷ് ടാഗോടു കൂടിയായിരുന്നു മറെ ഈ വീഡിയോ പങ്കുവെച്ചത്. പിന്നീട് ഇവ രണ്ടും തിരിച്ചുകിട്ടിയെന്ന് വ്യക്തമാക്കി മറെ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. ആ ഷൂ മണക്കുന്നുണ്ടെങ്കിലും താന്‍ സന്തോഷത്തിലാണെന്ന് വീഡിയോയില്‍ ബ്രിട്ടീഷ് താരം പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andy Murray (@andymurray)

Content Highlights: Andy Murray has been reunited with his shoes and wedding ring