മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിലെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനത്തിന്റെ ചിത്രം സ്‌ക്രീന്‍സേവറാക്കിയ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍.

ആളുകള്‍ക്ക് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് പതിവാക്കിയ ആളാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഞായറാഴ്ച നടന്ന ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിനിടെ റോസ് ടെയ്ലറുടെ സിക്സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജുവിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. 

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സഞ്ജുവിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആനന്ദ് മഹീന്ദ്ര, ഈ ആഴ്ച തന്റെ സ്‌ക്രീന്‍ സേവര്‍ ഇതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തത്. ആര്‍ക്കും ഈ ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെയാണ് ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സഞ്ജു രംഗത്തെത്തിയത്.

Anand Mahindra put Sanju's flying pic as screen saver

പറന്ന് രക്ഷിച്ചെടുത്തത് നാലു റണ്‍സ്; ഫീല്‍ഡിങ്ങില്‍ താരമായി സഞ്ജു

ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ അസാമാന്യ ഫീല്‍ഡിങ് പ്രകടനം. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരു ഷോട്ട് സിക്‌സാകാതെ സഞ്ജു രക്ഷിച്ചെടുക്കുകയായിരുന്നു.

ബൗണ്ടറി ലൈനിനരികില്‍ നിന്ന് ചാടി പന്ത് കൈക്കലാക്കിയ സഞ്ജു, അത് പുറത്തേക്കെറിയുകയായിരുന്നു. നാലു റണ്‍സ് രക്ഷിച്ചെടുക്കാനും ഇതോടെ സഞ്ജുവിനായി.

ഇതോടൊപ്പം ടോം ബ്രൂസിനെ റണ്‍ ഔട്ടാക്കുന്നതിലും സഞ്ജു പങ്കാളിയായി. എന്നാല്‍ ബാറ്റിങ്ങില്‍ താരം വീണ്ടും നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ നിന്ന് രണ്ടു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ സ്‌കോട്ട് കുഗ്ഗെലെയ്‌ന്റെ പന്തില്‍ മിച്ചെല്‍ സാന്റ്നര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

Content Highlights: Anand Mahindra put Sanju's flying pic as screen saver