മാഞ്ചസ്റ്റര്‍: കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച പാക് വംശജനായ ബ്രീട്ടീഷ് ബോക്‌സിങ് താരം ആമിര്‍ ഖാന് സോഷ്യല്‍ മീഡിയയില്‍ ആക്രമണം. ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ചുള്ള വസ്ത്രം ധരിച്ച് ഭാര്യയ്ക്കും മക്കള്‍ക്കൊപ്പമുള്ള ചിത്രം ആമിര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം എല്ലാവര്‍ക്കും ആശംസയും നേര്‍ന്നു ആമിര്‍.

എന്നാല്‍ ആമിറിന്റെ ഫോളോവേഴ്‌സിന് ഇത് അത്ര ദഹിച്ചില്ല. ഇസ്‌ലാം മതവിശ്വാസിയായ ആമിര്‍ എങ്ങനെ ക്രിസ്മസ് ആഘോഷിക്കും എന്നാണ് ഫോളോവേഴ്‌സ് ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആമിറിനെ കുറ്റപ്പെടുത്തി കമന്റുകള്‍ വന്നതോടെ താരം പ്രതികരണവുമായി രംഗത്തെത്തി. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വന്ന മെസ്സേജുകളും കമന്റുകളും കണ്ട് ഞെട്ടിപ്പോയെന്നും എല്ലാവര്‍ക്കും ക്രിസ്മസ് ആശംസിക്കുക മാത്രമാണ് ചെയ്തതെന്നും ആമിര്‍ പറയുന്നു. 

പാക് വംശജനായ ആമിര്‍ ജനിച്ചതും വളര്‍ന്നതും മാഞ്ചസ്റ്ററിലാണ്. ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ വെള്ളി മെഡലും നേടി. ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് ആമിര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. കുറച്ചുകാലമായി റിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 33-കാരന്‍ 2020-ഓടെ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ്. 

 

Content Highlights: Amir Khan shocked by all the hate for celebrating Christmas