ന്യൂയോർക്ക്: മത്സരത്തിന് പിന്നാലെ ഗ്രൗണ്ടിൽ വെച്ച് കാമുകിയെ പ്രൊപ്പോസ് ചെയ്ത് ഫുട്ബോൾ താരം. അമേരിക്കയിലെ മേജർ സോക്കർ ലീഗിനിടെ മിന്നെസോട്ട എഫ്.സി താരമായ ഹസാനി ഡോട്സൺ സ്റ്റീഫെൻസണാണ് കാമുകിയെ പ്രൊപ്പോസ് ചെയ്തത്.

മത്സരം സമനില ആയതിന് പിന്നാലെ ഹസാനി ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്ന് കാമുകിയായ പെട്രാ കോവികിനു നേരെ മോതിരം ഉയർത്തിക്കാട്ടുകയായിരുന്നു. അദ്ഭുതത്തോടെ വാ കൈകൊണ്ട് പൊത്തിപ്പിടിച്ച് പെട്രാ കോവിക് ഹസാനിയുടെ നേരെ വിരൽ നീട്ടി. ആ മോതിരം ഹസാനി പെട്രായുടെ വിരലിൽ അണിയിച്ചു. ഇതുകണ്ട് കാണികൾ ആരവം മുഴക്കി.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഹസാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. താൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും ഹസാനിയുടെ പ്രണയം അനുഗ്രഹമാണെന്നുമായിരുന്നു പെട്രയുടെ പ്രതികരണം.

Content Highlights: American Footballer Hassani Dotson Proposes to Girlfriend on Field