മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചത് മത്സരത്തില്‍ മേല്‍ക്കൈ നേടിയാണ്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സ് ലീഡും പിന്നിട്ട് കുതിക്കുകയാണ് ഇന്ത്യ.
മെല്‍ബണില്‍ ഇത് രഹാനെയുടെ രണ്ടാം സെഞ്ചുറിയാണ്. 2014-ല്‍ ആദ്യ സെഞ്ചുറി നേടി ആറു വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു സെഞ്ചുറി നേട്ടം. അതും നിര്‍ണായ ഘട്ടത്തില്‍. വിനു മങ്കാദിന് ശേഷം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒന്നിലേറെ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ രഹാനെ സ്വന്തമാക്കി.
താരത്തിന്റെ ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഞായറാഴ്ച മെല്‍ബണില്‍ പിറന്നത്. വിദേശ മണ്ണിലെ എട്ടാമത്തേതും.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം മെല്‍ബണില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും രഹാനെ സ്വന്തമാക്കി. 1999-ലായിരുന്നു സച്ചിന്റെ നേട്ടം.
ഇതോടൊപ്പം മെല്‍ബണില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഏഷ്യന്‍ ക്യാപ്റ്റനാണ് രഹാനെ. സച്ചിന്‍, ഹനീഫ് മുഹമ്മദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് രഹാനെയ്ക്ക് മുമ്പ് മെല്‍ബണില്‍ മൂന്നക്കം തികച്ച ഏഷ്യന്‍ ക്യാപ്റ്റന്‍മാര്‍.
ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും രഹാനെയെ തേടിയെത്തി. സച്ചിന്‍ (1999), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1991/92), സൗരവ് ഗാംഗുലി (2003/04), വിരാട് കോലി എന്നിവരാണ് നേരത്തെ ഈ നേട്ടം പിന്നിട്ടവര്‍. ഇക്കൂട്ടത്തില്‍ ഓസീസ് മണ്ണില്‍ ഒന്നിലേറെ തവണ സെഞ്ചുറി കടന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്.
മെല്‍ബണില്‍ ഞായറാഴ്ച 195 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ രഹാനെ 200 പന്തില്‍ നിന്ന് 104 റണ്‍സോടെ ക്രീസിലുണ്ട്. ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവര്‍ക്കൊപ്പം അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രഹാനെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളിയായി.
Content Highlights: Ajinkya Rahane continued his love affair with the Melbourne Cricket Ground