ബെംഗളൂരു: മലേഷ്യന്‍ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യക്കെതിരെ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷിന്റെ ട്വീറ്റ്. തന്റെ സ്‌പോര്‍ട്‌സ് ഉപകരണങ്ങളടങ്ങിയ ലഗേജിന് 1500 രൂപ അധികം ചുമത്തിയ എയര്‍ ഏഷ്യയുടെ നടപടിയെയാണ് ശ്രീജേഷ് ട്വിറ്റില്‍ ചോദ്യം ചെയ്തത്.

15 കിലോഗ്രാം താഴെ ഭാരമുള്ള ബാഗിന് 1500 രൂപയോ? ഞാന്‍ മെയ്ക്ക് അപ്പ് കിറ്റും കൊണ്ട് നടക്കുമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്?  എന്തൊരു തമാശയാണിത്? എയര്‍ ഏഷ്യയെ പരിഹസിച്ചുള്ള ട്വീറ്റില്‍ ശ്രീജേഷ് ചോദിക്കുന്നു. 

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ഡല്‍ഹിയിലെ സ്വീകരണത്തിന് ശേഷം ശ്രീജേഷ് ബെംഗളൂരുവിലെത്തി. പക്ഷേ ഏത് യാത്രക്കിടയിലാണ് ശ്രീജേഷിനോട് എയര്‍ ഏഷ്യ അധിക ചാര്‍ജ് ഈടാക്കിയതെന്ന് വ്യക്തമല്ല.