ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് ചെല്‍സി. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് തോമസ് ടുച്ചലും സംഘവും യുവന്റസിനെ തകര്‍ത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ആരാധകരുടെ മനം നിറച്ചു. 

മത്സരത്തില്‍ ഓര്‍ത്തിരിക്കാന്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആരാധകരെ ഞെട്ടിച്ച ഒരു സേവ് ഇപ്പോള്‍ ലോകഫുട്‌ബോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചെല്‍സിയുടെ പ്രതിരോധതാരം തിയാഗോ സില്‍വയുടെ തകര്‍പ്പന്‍ സേവാണ് ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. 

മത്സരത്തിന്റെ 28-ാം മിനിട്ടിലാണ് സില്‍വയുടെ മിന്നല്‍ സേവ് നടന്നത്. പന്തുമായി മുന്നേറിയ യുവന്റസ് താരം ആല്‍വാരോ മൊറാട്ട ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു. ഏവരും ഗോളെന്ന് ഉറപ്പിച്ച സമയം. എന്നാല്‍ ഗോള്‍കീപ്പര്‍ക്കും പോസ്റ്റിനുമിടയില്‍ രക്ഷകനായി അവതരിച്ച സില്‍വ പന്ത് അവിശ്വസനീയമായി ക്ലിയര്‍ ചെയ്തു. മെന്‍ഡിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് പോകുകയായിരുന്ന പന്തിനെ ഗോള്‍ലൈനിന് തൊട്ടുമുന്നില്‍ വെച്ച് സില്‍വ ഗതിമാറ്റിവിട്ടു. സില്‍വയുടെ സേവ് വലിയ ഞെട്ടലാണ് മൊറാട്ടയ്ക്കും യുവന്റസിനും നല്‍കിയത്. 

ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ 37 കാരനായ സില്‍വയുടെ ഈ തകര്‍പ്പന്‍ സേവ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. ബ്രസീലിന്റെ നായകന്‍ കൂടിയായ സില്‍വ കഴിഞ്ഞ സീസണിലാണ് പി.എസ്.ജിയില്‍ നിന്ന് ചെല്‍സിയിലെത്തിയത്. 

Content Highlights: Ageless Thiago Silva epitomises surprises Chelsea are serving up