കുട്ടിയെ തല്ലി പഠിപ്പിക്കുന്ന അമ്മയെ വഴക്ക് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരമ്മ കുഞ്ഞിനെ തല്ലിപഠിപ്പിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ കാണിക്കുന്ന രീതിയിലുള്ള പഠനരീതിക്കെതിരെയാണ് വിരാട് കോലിയും ശിഖര്‍ ധവാനും യുവരാജ് സിങ്ങും റോബിന്‍ ഉത്തപ്പയും രംഗത്തെത്തിയത്. 

അമ്മയാണെന്ന് കരുതുന്ന സ്ത്രീ കുട്ടിയെ ഭീഷണിപ്പെടുത്തി എണ്ണാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. തല്ല് ഭയന്ന് കുട്ടി കരഞ്ഞുകൊണ്ട് എണ്ണുന്നതും അതിനിടയില്‍ തനിക്ക് തലവേദനയാണെന്ന് കുട്ടി കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം ദേഷ്യം വന്ന കുട്ടി പൊട്ടിക്കരയുന്നതും കാണാം. 

ഈ വീഡിയോ തന്നെ ഞെട്ടിച്ചുവെന്നും സങ്കടപ്പെടുത്തിയെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ഒരു കുട്ടിയെയും പഠിപ്പിക്കരുത്. കുട്ടിയുടെ വേദനയും ദേഷ്യവും അവഗണിച്ച് തന്റെ അഹംഭാവം പ്രദര്‍ശിപ്പിക്കരുതെന്നും കോലി ചൂണ്ടിക്കാട്ടി. 

ഇങ്ങനെയൊണോ നിങ്ങളുടെ കുട്ടികളെ വളര്‍ത്തേണ്ടത്? രക്ഷിതാക്കളുടെ സ്വഭാവം നാണക്കേടുണ്ടാക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്നും യുവരാജ് ആശങ്ക പ്രകടിപ്പിച്ചു. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും സ്‌നേഹം നല്‍കിയാണ് കുട്ടികളുടെ കഴിവ് പുറത്തുകൊണ്ടുവരേണ്ടതെന്നും യുവി വ്യക്തമാക്കി. 

കുട്ടികളോട് ക്ഷമയോടെ പെരുമാറണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായി ധവാന്‍ ട്വിറ്ററില്‍ കുറിച്ചു. അവരെ തല്ലുകയോ അപമാനിക്കുകയോ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയം പിടിച്ചുകുലുക്കുന്ന ദൃശ്യങ്ങള്‍ ആണിതെന്നാണ് ഉത്തപ്പ കുറിച്ചത്. കുട്ടികളെ ഇപ്രകാരമല്ല വളര്‍ത്തേണ്ടത്, സ്‌നേഹം കൊണ്ട് നമുക്ക് നമ്മുടെ കുട്ടികളെ വളര്‍ത്താമെന്നും ഭയപ്പെടുത്തിയല്ല പഠിപ്പിക്കേണ്ടതെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.