ലോകകപ്പ് നേടിയാല്‍ മാത്രമേ കല്യാണം കഴിക്കൂ എന്ന പ്രസ്താവനയില്‍ നട്ടംതിരിയുകയാണ് അഫ്ഗാനിസ്താന്റെ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാന്‍. 23 കാരനായ റാഷിദിനെ ചുറ്റിപ്പറ്റി ഈ പ്രസ്താവന കുറേക്കാലമായി വട്ടമിട്ടുപറക്കുന്നു. 

അഫ്ഗാനിസ്താന്‍ ലോകകപ്പ് നേടിയിട്ട് റാഷിദ് ഒരിക്കലും കല്യാണം കഴിക്കില്ലെന്ന തരത്തിലുള്ള നിരവധി ട്രോളുകള്‍ റാഷിദിനെതിരേ പുറത്തുവന്നു. ഒടുവില്‍ സഹികെട്ട് ഈ പ്രസ്താവനയുടെ സത്യാവസ്ഥയുമായി റാഷിദ് തന്നെ രംഗത്തെത്തി.

'സത്യം പറഞ്ഞാല്‍ ഇക്കാര്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. സത്യം പറയട്ടേ ഞാനറിയാത്ത കാര്യമാണിത്. ലോകകപ്പ് നേടിയാല്‍ മാത്രമേ കല്യാണം കഴിക്കൂ എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഇതെല്ലാം മറ്റാരോ പറഞ്ഞുണ്ടാക്കിയതാണ്. ഞാനിപ്പോള്‍ ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. 2021, 2022 ട്വന്റി 20 ലോകകപ്പുകളിലും 2023 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിനുശേഷമേ കല്യാണത്തെക്കുറിച്ച് ചിന്തിക്കൂ'- റാഷിദ് പറഞ്ഞു. 

17-ാം വയസ്സിലാണ് റാഷിദ് ഖാന്‍ അഫ്ഗാനിസ്താന്‍ ടീമില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ് റാഷിദ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുന്ന താരം ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന് വേണ്ടിയാണ് പന്തെറിയുന്നത്. 

വെറും 12.63 ശരാശരിയില്‍ 95 അന്താരാഷ്ട്ര വിക്കറ്റുകളാണ് റാഷിദ് ഖാന്റെ പേരിലുള്ളത്. 2021 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ അഫ്ഗാനിസ്താന്‍ ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 

Content Highlights: Afghanistan's Rashid Khan Eyes World Cup Glory Not Wedding Bells